ജനീഷ് കുമാർ എംഎല്‍എയുടെ രോഷപ്രകടനം: മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നല്‍കി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍

വന്യജീവി സംഘർഷം തടയാൻ വനം വകുപ്പിന് ഒപ്പം നിൽക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു
ജനീഷ് കുമാർ എംഎല്‍എയുടെ രോഷപ്രകടനം: മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നല്‍കി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍
Published on

കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ ഫോറസ്റ്റ് സ്റ്റേഷനിലെ രോഷപ്രകടനത്തിൽ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സിപിഐ അനുകൂല സംഘടന. ജീവനക്കാരെ ഇരകളാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍റെ ആരോപണം. ജീവനക്കാർ നിസഹായ അവസ്ഥയിലാണെന്ന് കാട്ടി മുഖ്യമന്ത്രി, വനം മന്ത്രി, സ്പീക്കർ എന്നിവർക്ക് അസോസിയേഷൻ പരാതി നൽകി. ഉദ്യോഗസ്ഥരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് ആരോപിച്ച് കോന്നി റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ  ഉദ്യോഗസ്ഥർ കൂടല്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. 

വന്യജീവി സംഘർഷം തടയാൻ വനം വകുപ്പിന് ഒപ്പം നിൽക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. ജനീഷ് കുമാർ എംഎൽഎ അസഭ്യം പറയുകയും കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആളെ ബലമായി ഇറക്കി കൊണ്ടുപോവുകയും ചെയ്തു എന്ന് കാട്ടിയാണ് അസോസിയേഷൻ മുഖ്യമന്ത്രി, വനം മന്ത്രി, സ്പിക്കർ എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്. എംഎൽഎ സ്റ്റേഷൻ കത്തിക്കും എന്നും നക്സലുകളെ കൊണ്ട് ആക്രമിപ്പിക്കുമെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. അന്വേഷണം നേരായ രീതിയിൽ നടക്കുമ്പോഴാണ് എംഎൽഎയുടെ ഇടപെടൽ. 'അന്തസ്സോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം ' എന്നാണ് അസോസിയേഷന്റെ ആവശ്യം. എംഎൽഎയുടേത് നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും സിപിഐ അനുകൂല സംഘടനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ശനിയാഴ്ച സൗരോർജ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് കാട്ടാന മരിച്ച സംഭവത്തിൽ തോട്ടം ഉടമയുടെ സഹായിയെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു ജനീഷ് കുമാറിന്റെ ഇടപെടൽ. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് കുമാർ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ രോഷപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച കെ.യു. ജനീഷ് തന്റെ വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയിലാണെന്നും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com