
നഴ്സ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‌സിയായി ഉയർത്തണമെന്ന് കേരള ഗവണ്മെൻ്റ് നഴ്സസ് അസോസിയേഷൻ. നഴ്സസ് ഡിപ്ലോമയ്ക്കുള്ള സ്വീകാര്യത കുറഞ്ഞു വരികയാണെന്നും നഴ്‌സ് പ്രാക്ടീസ് സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലന്നും കേരള ഗവണ്മെൻ്റ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ആനുപാതികമായി നഴ്സുമാർ ഇല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
2016ന് മുമ്പ് സർക്കാർ ആശുപത്രികളെ സമീപിക്കുന്ന രോഗികളുടെ എണ്ണം 32 ശതമാനം ആയിരുന്നെങ്കിൽ പുതിയ കണക്കുകൾ പ്രകാരം 48 ശതമാനമായി ഉയർന്നു. എന്നാൽ രോഗികൾക്ക് ആനുപാതികമായി നഴ്സ് ജീവനക്കാർ സർക്കാർ ആശുപത്രികളിൽ ഇല്ല. മതിയായ നിയമനങ്ങൾ നടത്തണമെന്നും നഴ്സ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‍സിയായി ഉയർത്തണമെന്നാണ് കേരളാ ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ്റെ ആവശ്യം.
നഴ്‌സ് പ്രാക്ടീസ് സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലന്നും നഴ്സിങ് ജോലിക്കായി കൂടുതൽ പേരും വിദേശത്തേക്ക് പോകുകയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. നഴ്സിങ് ജീവക്കാർക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുക, എട്ട് മണിക്കൂർ ജോലി സമയം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കേരളാ ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ സർക്കാരിന് മുന്നിൽവച്ചു.