
ഗവർണർ-മുഖ്യമന്ത്രി പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിലേക്ക് പോകും. രാജ്യ തലസ്ഥാനത്ത് എത്തുന്ന ഗവർണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രതിനിധികളെ വിവരം അറിയിക്കുമെന്നാണ് സൂചന. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമർശം സംബന്ധിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാൻ സാധ്യതയില്ലെന്നാണ് സൂചന.
രാജ്ഭവനിൽ നിന്ന് ഇ-മെയിൽ വഴിയാകും റിപ്പോർട്ട് അയക്കുക. ഈ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും രാജ്ഭവനിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം ഔദ്യോഗിക കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ വരാമെന്നാണ് വിശദീകരണം.
ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും രാജ്ഭവനില്‍ പ്രവേശനമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞത്. നിരന്തരം വന്നുകൊണ്ടിരുന്നവര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. മുഖ്യമന്ത്രിക്ക് ചിലത് ഒളിച്ചു വെക്കാനുണ്ടെന്നും അതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞതെന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.
ഗവര്‍ണറുടെ ആരോപണത്തിനു പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പ്രവേശനമില്ലെന്ന് പറയാന്‍ രാജ്ഭവന്‍ എന്താ അമ്പലമാണോ എന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണ്. ഗവര്‍ണറുടെ ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ എന്നിവരും ഗവര്‍ണര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.