ഐഎൻസി അംഗീകാരമില്ല; തടഞ്ഞുവെച്ച ബിഎസ്‌സി നഴ്‌സിംഗ് പരീക്ഷാ ഫലം പുറത്തു വിട്ട് കേരള ആരോഗ്യ സർവകലാശാല

പരീക്ഷാ ഫലം പുറപ്പെടുവിച്ചാലും പഠിക്കുന്ന കോളേജുകൾക്ക് എത്രയും പെട്ടെന്ന് ഐഎൻസി അംഗീകാരം ലഭ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം
കേരള ആരോഗ്യസർവകലാശാല
കേരള ആരോഗ്യസർവകലാശാല
Published on

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ(ഐഎൻസി) അംഗീകാരമില്ലാത്തതിനെ തടഞ്ഞു വച്ച ഒന്നാം സെമസ്റ്റർ ബിഎസ്‌സി നഴ്‌സിംഗ് പരീക്ഷാ ഫലം പുറത്തു വിട്ട് കേരള ആരോഗ്യ സർവകലാശാല. ഐഎൻസി അംഗീകാരമില്ലാത്ത കോളജുകളിലെ ആയിരത്തോളം വിദ്യാർഥികളുടെ ഫലമാണ് സർവകലാശാല പുറത്തുവിട്ടത്. ഈ മാസം 17ന് ആരോഗ്യസർവകലാശാല ഒന്നാം സെമസ്റ്റർ ബിഎസ്‌സി നഴ്‌സിംഗ് പരീക്ഷാ ഫലം പുറത്തുവിട്ടിരുന്നെങ്കിലും നിരവധി വിദ്യാർഥികളുടെ ഫലം തടഞ്ഞു വെച്ചിരുന്നു.

ഐഎൻസി അംഗീകാരം ലഭിക്കാതിരുന്ന 24 സർക്കാർ - സ്വകാര്യ- സ്വാശ്രയ നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികളുടെ ഫലമാണ് സർവകലാശാല തടഞ്ഞു വച്ചത്. ഇതിലൂടെ 1369 വിദ്യാർഥികളെ അധികൃതർ ആശങ്കയിലാഴ്ത്തി. തിടുക്കപ്പെട്ട് ഇന്ന് പരീക്ഷാ ഫലം പുറപ്പെടുവിച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സർവകലാശാല. എന്നാൽ ഈ നടപടിയിലൂടെ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമെന്ന പ്രധാന ആവശ്യത്തിന് മേൽ പുകമറ സൃഷ്ടിച്ചിരിക്കുകയാണ് അധികൃതർ.

2023- 2024 അധ്യായന വർഷത്തിൽ ആരംഭിച്ച പുതിയ നഴ്‌സിംഗ് കോളേജുകളിലെയും സീറ്റ് വർദ്ധന നടത്തിയ കോളേജുകളിലെയും ഫലമായിരുന്നു സർവകലാശാല തടഞ്ഞു വച്ചത്. കോളേജുകൾ ആരംഭിക്കുന്ന സമയത്ത് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം നേടി കെെമാറണമെന്ന നിബന്ധന പാലിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പരീക്ഷാ ഫലം പുറപ്പെടുവിച്ചാലും പഠിക്കുന്ന കോളേജുകൾക്ക് എത്രയും പെട്ടെന്ന് ഐഎൻസി അംഗീകാരം ലഭ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com