'ആര്‍ത്തവം ഉണ്ടായിട്ടില്ല'; ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ 10 വയസുകാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കർണാടക സ്വദേശിയായ പെൺകുട്ടിയാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്
'ആര്‍ത്തവം ഉണ്ടായിട്ടില്ല'; ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ 10 വയസുകാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
Published on

ശബരിമലയിൽ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പെൺകുട്ടിയുടെ ഹർജി തള്ളിയത്. പത്ത് വയസ് പൂർത്തിയായെങ്കിലും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദർശനത്തിന് അനുവദിക്കണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

പത്ത് വയസ്സിന് മുൻപേ കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണ്. എന്നാൽ അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ല. ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനോട് കോടതി നിർദേശം നൽകണമെന്നായിരുന്നു പത്ത് വയസുകാരിയുടെ ആവശ്യം. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിനാലാണ് കർണാടക സ്വദേശിയായ പെൺകുട്ടി കോടതിയെ സമീപിച്ചത്. ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നുമായിരുന്നു വാദം. എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ദേവസ്വം നിലപാടിൽ ഇടപെടാൻ ആകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com