
ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധന നടത്താനുള്ളതാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സിനിമാ ചിത്രീകരണം അനുവദിക്കരുതെന്നും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവർ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി സർക്കാരിന്‍റെയും ദേവസ്വത്തിന്റേയും വിശദീകരണം തേടി.
ALSO READ : 'ക്ഷേത്രം നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം
അടുത്തിടെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങിനായി അനുവദിച്ചെന്നും സിനിമാ സംഘത്തോടൊപ്പം അഹിന്ദുക്കളായ സ്ത്രീകളും പുരുഷന്മാരും ക്ഷേത്രത്തിൽ കയറിയെന്നും ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വീഡിയോകളുമാണ് ചിത്രീകരിക്കുന്നത്. ഉത്സവ സീസണിൽ പാപ്പാന്മാർ മദ്യപിച്ചെത്തുന്നതും ആളുകൾ ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറുന്നതും പതിവാണെന്നും ക്ഷേത്രത്തിന്‍റെ വിശുദ്ധി നഷ്ടമാക്കുന്ന നടപടിയാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.