ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്; ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.എം മനോജിന്‍റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്; ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.എം മനോജിന്‍റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സര്‍ക്കാര്‍ ഇന്ന് കൈമാറാന്‍ ഇരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

റിപ്പോർട്ട് പുറത്തുവിടുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ പ്രധാന വാദം. തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഹര്‍ജിക്കാരന്‍റെ വാദങ്ങളെ വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന്‍ കക്ഷി അല്ലെന്നും,  കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായിട്ടില്ലെന്നും കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരവകാശ കമ്മീഷന്‍ ചോദിച്ചു. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും ഹര്‍ജി തള്ളിക്കളണമെന്നും വിവരാവകാശ കമ്മീഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി 2019 ഡിസംബര്‍ 31-ന് അന്തിമ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ ഇത്രയും കാലം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള നീക്കം സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. വിവരാവകാശ കമ്മീഷന്റെ നിർദേശ പ്രകാരം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലാത്ത പൂർണമല്ലാത്ത റിപ്പോർട്ടാണ് കൈമാറാന്‍ തീരുമാനിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com