
സംസ്ഥാനത്തെ ദേശീയപാതയുടെ തകർച്ചയിൽ ദേശീയപാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേരളത്തിന് ഒട്ടും സന്തോഷമുള്ള കാര്യമല്ല സംഭവിച്ചിരിക്കുന്നത്. നിർമാണത്തിലിരിക്കുന്ന പാത തകർന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട കോടതി കരാറുകാരനെതിരെ നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദേശീയപാത തകർന്നതിൽ റിപ്പോർട്ട് സമർപ്പിച്ചോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അടിയന്തര ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസത്തെ സമയം വേണമെന്നായിരുന്നു എൻഎച്ച്എഐയുടെ മറുപടി. ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും നിർമാണം നടത്തിയ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നും ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. മണ്ണിലൂടെ ഊർന്നിറങ്ങുന്ന വെള്ളമാണോ റോഡ് പൊളിയാൻ കാരണമെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. റോഡുകൾ മോശമാക്കാൻ ആരെങ്കിലും ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെങ്കിൽ ക്രിമിനൽ കേസ് ചുമത്തി നടപടി സ്വീകരിക്കാനും കോടതി നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെട്ടത്. കൊച്ചിയിലെ റോഡുകളെ സംബന്ധിച്ച ഹർജികളായിരുന്നു ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതിനിടെയാണ് നിർമാണത്തിലിരിക്കെ ദേശീയപാത തകർന്ന വാർത്തകൾ വന്നത്. തുടർന്നാണ് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി വിശദീകരണം തേടിയത്. വിശദമായ സത്യവാങ്മൂലം നൽകാൻ 10 ദിവസത്തെ സാവകാശമാണ് എൻഎച്ച്എഐ തേടിയിരിക്കുന്നത്. എൻഎച്ച്എഐയുടെ പണി നടക്കുന്നതിനാൽ വടക്കൻ കേരളത്തിൽ ഉള്ളവർക്ക് യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടിയെത്തിയിട്ടുണ്ട്.
അതേസമയം, കേരളത്തിലെ ദേശീയപാതയുടെ തകർച്ചയിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി ഉന്നതതലയോഗം വിളിച്ചു. ഈ മാസം 27ന് നടക്കുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും. മൂന്നംഗ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്യും.