"മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല"; അവകാശം ഭരണഘടനാപരമാണെന്ന് ഹൈക്കോടതി

ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്
"മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല"; അവകാശം ഭരണഘടനാപരമാണെന്ന് ഹൈക്കോടതി
Published on

മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അപമാനകരമായ മാധ്യമ വാർത്തകൾക്കെതിരെ നിയമപരമായ സാധ്യതകളുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി.

2016 ജൂലൈയിൽ ഹൈക്കോടതിക്ക് മുന്നിൽ ഉണ്ടായ അഭിഭാഷക- മാധ്യമ തർക്കങ്ങൾക്ക് പിന്നാലെയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തിയത്. മാധ്യമ റിപ്പോർട്ടിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേതടക്കം നിരവധി വിധികൾ മുന്നിലുണ്ട്. ഇതിൽ വിശദമായ കോടതി ഇടപെടലുകളും വിശകലനവും വേണമെന്നും വ്യക്തമാക്കി ഹർജികൾ ഭരണഘടനാ ബെ‌ഞ്ചിന് വിട്ടു.

ചാനൽ ചർച്ചകൾ നിയന്ത്രിക്കണം, ഓപ്പൺ കോടതിയിലെ ജഡ്ജിമാരുടെ കമന്‍റുകൾ പ്രസിദ്ധീകരിക്കുന്നതും അന്വേഷണത്തിലിരിക്കുന്ന കേസുകൾ റിപ്പോർ‍ട്ട് ചെയ്യുന്നതും വിലക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഹർ‍ജികളിൽ ഉണ്ടായിരുന്നത്. ബാർ അസോസിയേഷനുകൾ അടക്കമുള്ളവരായിരുന്നു ഹ‍ർജിക്കാർ. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേസിൽ കക്ഷിചേർന്ന വിവിധ മാധ്യമ സ്ഥാപനങ്ങൾ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ട്. മാധ്യമ വാര്‍ത്തകളെ തുടർന്ന് അപമാനിതരായവർക്ക് നിയമപരമായ സാധ്യതകളുണ്ട്, ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ മാധ്യമ വിചാരണ പാടില്ല. വിചാരണയിലിരിക്കുന്ന കേസുകളിൽ കുറ്റവാളിയെന്നോ നിരപരാധിയെന്നോ മാധ്യമങ്ങൾ വിധിക്കരുതെന്നും കോടതി വ്യക്തമാക്കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com