"പിണറായിയുടെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചിട്ടില്ല"; ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ

ഇന്നത്തെ പ്രധാന വാർത്തകൾ....
"പിണറായിയുടെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചിട്ടില്ല"; ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ

ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ല: കെ. മുരളീധരൻ 

പിണറായി വിജയൻ്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചിട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്രയൊക്കെ സ്വാഭാവികമാണ്. അത്യാവശ്യത്തിന് പോകാനല്ലേ ഹെലികോപ്റ്റർ. അല്ലെങ്കിൽ കാറിലോ ട്രെയിനിലോ പോയാൽ പോരെ എന്നും മുരളീധരൻ പറഞ്ഞു. ഏറ്റവും കൂടുതൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് കെ. കരുണാകരനാണ് എന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ മുരളീധരൻ പറഞ്ഞു.

അബിൻ വർക്കിയുടെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എ.പി. അനിൽകുമാർ. അബിൻ വർക്കിയോട് ഫോണിൽ സംസാരിച്ചിരുന്നു. ചില ആവശ്യങ്ങൾ ഉന്നയിച്ചെന്നും വിഷയത്തിൽ ഇടപെടാൻ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി ഹലോ മലയാളം ലീഡേഴ്‌സ് മോർണിങ്ങിൽ പറഞ്ഞു.

വിമർശിച്ച് അബിൻ വർക്കി എംഎൽഎ

ആറന്മുളയിലെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ റവന്യു വകുപ്പിനെ വിമർശിച്ച് അബിൻ വർക്കി എംഎൽഎ. വകുപ്പ് കുറച്ചുകൂടി കാര്യക്ഷമയായി ഇടപെടണമെന്ന് അബിൻ വർക്കി പറഞ്ഞു. ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണം. നാട് അപ്രതീക്ഷിതമായ ദുരന്തത്തിലാണ്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.

5 ഡാമുകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലേർട്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, പെരിങ്ങൽകുത്ത്, തുടങ്ങിയ ഡാമുകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കുമെന്നും ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്നും നിർദേശം.

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

വടകര മുക്കാളി ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയിൽ നിർമാണ പ്രവൃത്തി നടക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രണ്ട് വീടുകൾ കടലെടുത്തു

പൊന്നാനിയിൽ രണ്ട് വീടുകൾ കടലെടുത്തു. കടലാക്രമണം ഉണ്ടായ പൊന്നാനി മേഖലയിൽ ഇനി ഒരു വീട് മാത്രമാണ് അവശേഷിക്കുന്നത്. വീടുകളിൽ നിന്ന് എല്ലാവരും മാറി താമസിച്ചിട്ടുണ്ട്.

"കാലാവസ്ഥാ മുന്നറിയിപ്പ് പഞ്ചായത്ത് തലത്തിൽ നൽകുക എന്നത് പ്രായോഗികമല്ല"

കാലാവസ്ഥാ മുന്നറിയിപ്പ് പഞ്ചായത്ത് തലത്തിൽ നൽകുക എന്നത് പ്രായോഗികമല്ലെന്ന് ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ. സംസ്ഥാനത്ത് പെട്ടെന്ന് കാലാവസ്ഥ മാറുന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിൽ പ്രായോഗികത കുറവുണ്ട്. തദ്ദേശീയ തലത്തിൽ കാലാവസ്ഥ നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന വിവരങ്ങൾക്ക് വിശ്വസനീയത ഉണ്ടാകണമെന്നില്ലെന്നും നീത കെ. ഗോപാൽ പറഞ്ഞു.

വേദനയുടെ സ്വർണം !

കോട്ടയം പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ബാഗിനുള്ളിൽ 15 പവനോളം സ്വർണം. നടക്കലിൽ നിന്ന് എത്തിയ വിദ്യാർഥികൾക്കാണ് ബാഗ് ലഭിച്ചത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യനെ എൽപ്പിച്ച ബാഗ് യ്യാനിത്തോട്ടം പള്ളി വികാരിക്ക് കൈമാറി. കുടുംബത്തിൻ്റെ ജീവിതകാലത്തെ സമ്പാദ്യമാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്നത്.

തഹ്‌സീൻ പൂനവാല വീട്ടുതടങ്കലിൽ?

ഇ-20 പെട്രോൾ നയത്തിനെതിരെ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനും നിരാഹാര സമരത്തിനും തൊട്ടുമുമ്പ് ആക്ടിവിസ്റ്റ് തഹ്‌സീൻ പൂനവാലയെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. പ്രതിഷേധത്തിന് തൊട്ടുമുമ്പ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെട്ടതായും പൂനവാല ആരോപിച്ചിരുന്നു.

പ്രളയക്കെടുതിക്ക് താൽക്കാലിക ശമനം

അസമിലെ പ്രളയക്കെടുതിക്ക് താൽക്കാലിക ശമനം. പ്രളയബാധിത ജില്ലകൾ ഏഴായി ഉയർന്നെങ്കിലും ദുരന്തബാധിതരുടെ എണ്ണം 1.78 ലക്ഷമായി കുറഞ്ഞെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആക്രമണ നീക്കം പിൻവലിക്കുന്നതായി ട്രംപ്

ഇറാനെതിരായ ആക്രമണനീക്കം തൽക്കാലം പിൻവലിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ്‌ ട്രംപ്. യുദ്ധം ഒഴിവാക്കണമെന്നും കരാർ സാധ്യത പുനരാലോചിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു.ഹോർമുസ് പൂർണമായും തുറക്കുന്നതിനൊപ്പം, ആണവ നിരായുധീകരണം എന്ന വ്യവസ്ഥ ഇറാൻ അംഗീകരിച്ചെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ആക്രമണം ഒഴിവാക്കുന്നതിനും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു

ആറ് വർഷത്തിന് ശേഷം ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു. കോവിഡിന് ശേഷം അടച്ചിട്ട ഉത്തരാഖണ്ഡിലെ ലിപുലേഖിലൂടെയും ഹിമാചലിലെ ഷിപ്കി ലായിലൂടെയുമുള്ള ഹിമാലയൻ അതിർത്തി വ്യാപാരം കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചു. നവംബർ 30 വരെ ഈ റൂട്ട് തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

"പിന്മാറുന്നത് പുനഃപരിശോധിക്കണം"

ഐഎസ്എല്ലിൽ നിന്ന് പിന്മാറുന്നത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജംഷഡ്പൂർ എഫ്‌സി താരങ്ങൾ. ടീമിനെ നിലനിർത്തണമെന്ന് ടാറ്റ ഗ്രൂപ്പിനോട് വികാരഭരിതമായ അഭ്യർഥനയുമായി ഇന്ത്യൻ താരം പ്രതിക് ചൗധരി രംഗത്തെത്തി. ക്ലബ്ബ് ഇല്ലാതാകുന്നത് ഇന്ത്യൻ ഫുട്ബോളിനെ ബാധിക്കുമെന്നും പ്രതിക് ചൗധരി പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം. ബോക്സിങ്ങിൽ ഏഴ് സ്വർണമടക്കം 10 മെഡലുമായി ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 13 സ്വർണമടക്കം 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ എസ്ഐടി അന്വേഷണം

മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ എസ്ഐടി അന്വേഷണം. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന ആരോപണം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ചുപേരാണ് കേസിൽ അറസ്റ്റിൽ ആയിരുന്നത്.

വിനോദസഞ്ചാര വിമാനം തകർന്ന് വീണ് 13 മരണം

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്ന് വീണ് 13 മരണം. വിമാനത്തിലുണ്ടായിരുന്ന 11 വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. നാസ്ക ലൈൻസിന് സമീപമാണ് വിമാനം തകർന്നുവീണത്.

വിനോദ സഞ്ചാരത്തിന് പൂര്‍ണ നിരോധനം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് പൂര്‍ണ നിരോധനം. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ദുരിതത്തിൽ റാന്നി

2018 പ്രളയശേഷമുള്ള വലിയ ദുരിതത്തിൽ റാന്നി. വീടുകളിലും കടകളിലും കയറിയ വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും ജീവിതസമ്പാദ്യം മുഴുവൻ നഷ്ടമായെന്ന് നാട്ടുകാർ പറഞ്ഞു. ആറന്മുളയിലും വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പാനദി കരകവിഞ്ഞ് ഒഴുകി. ക്യാമ്പുകളിലേക്ക് മാറാൻ ആരും നിർദേശം നൽകിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി.

അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. വെള്ളപ്പൊക്ക-ഉരുൾപ്പൊട്ടൽ സാഹചര്യത്തിൽ സർക്കാർ ജാഗ്രതാ നിർദേശവുമായി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശത്തുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണാന്തുറയിൽ നിന്നാണ് ഫ്രീമോൻ്റെ മൃതദേഹം കണ്ടെത്തിയത്.

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം. ദുരിതപെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം രേഖപ്പെടുത്തി.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകി.

News Malayalam 24x7
newsmalayalam.com