

24 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിന് കേരളം വേദിയാകുന്നു. കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മീറ്റ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ പ്രധാന മീറ്റുകളിലൊന്നായ ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റാണ് നവംബറിൽ നടത്തുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2000 ലധികം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയം ഒരുങ്ങുകയാണ്.
നവംബര്‍ ഏഴ് മുതല്‍ 11 വരെ മീറ്റ് നടത്താനാണ് സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ്റെ തീരുമാനം. 2000 ത്തിലായിരുന്നു കേരളത്തില്‍ ഒടുവിലായി ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റ് നടന്നത്. ഇതിനൊപ്പം വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനുള്ള തുക കണ്ടെത്താൻ കൽപറ്റയിൽ മാസ്റ്റേഴ്സ് മീറ്റ് നടത്താനും സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് തീരുമാനിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മീറ്റ് നടത്തുന്നതിനായി ഒരു കോടി രൂപയോളമാണ് ചെലവ്. സംസ്ഥാന സര്‍ക്കാരിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ തുക കണ്ടെത്തും. സംഘാടക സമിതി രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ക്കായുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. അണ്ടര്‍ 14,16,18,20 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ദേശീയ മീറ്റിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുമ്പോഴും സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ പവലിയന് ഇല്ല എന്നതാണ് പരിമിതി. എങ്കിലും താത്കാലിക പവലിയന് ഒരുക്കി മീറ്റ് നടത്താനാണ് തീരുമാനം.