
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനെതിരായ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി കേരള നിയമസഭ. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലായ മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒറ്റ ഘട്ടമാക്കുന്നത് തങ്ങളുടെ സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു മേലുള്ള വെല്ലുവിളിയാണെന്ന് പ്രമേയത്തില്‍ പറയുന്നു.
കേന്ദ്ര തീരുമാനം ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേലുള്ള കൈകടത്തലാണ്. ജനാധിപത്യവിരുദ്ധ ചിന്താഗതിയാണ് ഇതിനു പിന്നില്‍. തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടം ആക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണിത്. ഈ നടപടി അധികാര വികേന്ദ്രീകരണത്തെ ശിഥിലമാക്കുമെന്നും കേന്ദ്രം അടിയന്തരമായി ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എല്ലാ തെരഞ്ഞെടുപ്പുകളും ഒറ്റ ഘട്ടമാക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക- രാഷ്ട്രീയ വൈവിധ്യങ്ങളെ മറക്കാനുള്ള കുല്‍സിത ശ്രമമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭകളുടെ അധികാരത്തെ ഇല്ലാതാക്കും. ആര്‍എസ്എസ്-ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണിത്.
അങ്ങേയറ്റത്തെ അധികാര കേന്ദ്രീകരണത്തിന് വഴിവയ്ക്കുമെന്നും വിമര്‍ശനം പ്രമേയത്തില്‍ വിമര്‍ശനമുയര്‍ത്തി. ചെലവ് ചുരുക്കാനാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് എന്ന് പറയുന്നത് ഘടകവിരുദ്ധമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.