സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില കൂടും; നിരക്ക് കുറയുന്ന ബ്രാൻഡുകൾ ഇവയാണ്

മൊത്തം 341 ബ്രാൻഡുകളുടെ വില കൂടിയതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില കൂടും; നിരക്ക് കുറയുന്ന ബ്രാൻഡുകൾ ഇവയാണ്
Published on


സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും. 10 മുതൽ 50 രൂപ വരെയാണ് വില വർധനവ് നിലവിൽ വരുക. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. മദ്യ കമ്പനികൾക്ക് 10 ശതമാനം വരെ വില വർധനവ് നൽകിയതിനാലാണ് ബെവ്കോ വില കൂട്ടാൻ തീരുമാനിച്ചത്. മൊത്തം 341 ബ്രാൻഡുകളുടെ വില കൂടിയതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്.



ജവാൻ മദ്യത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ ലഭിക്കാൻ ഇനി 650 രൂപ കൊടുക്കണം. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. മദ്യ കമ്പനികൾക്ക് നൽകുന്ന പണം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ജനപ്രിയ ബിയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലുണ്ടായിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധിച്ചു.



വില കുറയുന്ന ബ്രാൻഡുകൾ ഏതാണ്?



സ്പിരിറ്റ് വിലവർധനയും ആധുനികവത്ക്കരണവും പരിഗണിച്ച് മദ്യവിൽപ്പന വർധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌കോ ബോർഡ് യോഗം അംഗീകാരം നൽകിയത്. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർധിച്ചത്. ബെവ്‌കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന് 10 രൂപയാണ് കൂടിയത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയായി. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. 700ന് മുകളിൽ വിലയുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടും. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും.

നേരത്തെ മദ്യ കമ്പനികൾക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയത് വില കൂട്ടിയാണ്. ഇപ്പോൾ സ്പിരിറ്റ് വില കൂടിയപ്പോഴാണ് ആ പേരിൽ കമ്പനികളുടെ ആവശ്യം പരിഗണിച്ച് സർക്കാർ മദ്യ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില കൂടിയത്. 107 ബ്രാൻഡുകളുടെ വിലയാണ് കുറയുക. കമ്പനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറയ്ക്കുന്നത്. മദ്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിൽപ്പന കൂട്ടാനായി മദ്യവില കുറച്ചത്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്കോയ്ക്ക് നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com