ഏഴാം ക്ലാസിൽ പഠനം നിർത്തി ജോലിക്കിറങ്ങി; അറുപത്തി രണ്ടാമത്തെ വയസിൽ മലയാളത്തിൽ എംഎ; എത്ര പഠിച്ചാലും മതിയാകാത്ത ഷംസൂക്ക

ദിനേശ് ബീഡി കമ്പനിയിൽ ആദ്യം ജോലി.പിന്നെ 19 വർഷത്തോളം പ്രവാസം. ഒടുവിൽ ഓട്ടോ ഡ്രൈവർ.തലമുടികൾ നരച്ചു തുടങ്ങിയെങ്കിലും പഠിക്കണമെന്ന ആഗ്രഹം നര പിടിക്കാതെ തലയിലുണ്ടായിരുന്നതിനാൽ 2011ൽ സാക്ഷരത ക്ലാസിൽ ചേർന്നു.പ്ലസ് ടു പൂർത്തിയാക്കിയതിന് പിന്നാലെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്തു.
ഏഴാം ക്ലാസിൽ പഠനം നിർത്തി ജോലിക്കിറങ്ങി; അറുപത്തി രണ്ടാമത്തെ വയസിൽ മലയാളത്തിൽ എംഎ; എത്ര പഠിച്ചാലും മതിയാകാത്ത  ഷംസൂക്ക
Published on

അറുപത്തി രണ്ടാമത്തെ വയസിൽ മലയാളത്തിൽ എംഎ സ്വന്തമാക്കിയ ഒരു ഓട്ടോ ഡ്രൈവറുണ്ട് കണ്ണൂരിൽ. ആദികടലായിയിലെ ഷംസുദീൻ തൈക്കണ്ടി. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം ഏഴാം ക്ലാസിൽ മുടങ്ങിയ പഠനമാണ് ഷംസുദ്ധീൻ ഇപ്പോൾ തുടരുന്നത്. ഇനിയും ഏറെ ആഗ്രഹങ്ങളുമായാണ് നാട്ടുകാരുടെ സ്വന്തം ഷംസുക്കയുടെ സവാരി.


എത്ര പഠിച്ചാലും മതിയാകാത്ത ഷംസൂക്ക. പുസ്തകങ്ങളോടും പേരിനൊപ്പം ചേർക്കുന്ന ഡിഗ്രികളോടുമുള്ള ഷംസൂക്കയുടെ ആവേശത്തിന് പിന്നിൽ ഒരു കഥയുണ്ട്.ദാരിദ്ര്യം കാരണം പൊറുതിമുട്ടിയ കുടുംബത്തിന് അത്താണിയാകാൻ ഏഴാംക്ലാസിൽ പഠനം നിർത്തിയതാണ് ഷംസുദീൻ തൈക്കണ്ടി.

ദിനേശ് ബീഡി കമ്പനിയിൽ ആദ്യം ജോലി.പിന്നെ 19 വർഷത്തോളം പ്രവാസം. ഒടുവിൽ ഓട്ടോ ഡ്രൈവർ.തലമുടികൾ നരച്ചു തുടങ്ങിയെങ്കിലും പഠിക്കണമെന്ന ആഗ്രഹം നര പിടിക്കാതെ തലയിലുണ്ടായിരുന്നതിനാൽ 2011ൽ സാക്ഷരത ക്ലാസിൽ ചേർന്നു.പ്ലസ് ടു പൂർത്തിയാക്കിയതിന് പിന്നാലെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്തു.ജയിച്ച് തുടങ്ങിയപ്പോൾ ആവേശം ഇരട്ടിയായി.എന്നാൽ പിന്നെ എംഎക്കാരനാകണമെന്ന് മോഹം. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ യും സ്വന്തമാക്കി.

ഓട്ടോ ജീവിതത്തിന്റെ ഇടവേളയിലായിരുന്നു സ്റ്റഡി ടൈം.ഓട്ടോ സ്റ്റാൻഡിൽ വണ്ടി ഒതുക്കിയിട്ടും സവാരികളുടെ വെയ്റ്റിങ് ടൈമിലും പഠിച്ചു. ഒന്നൊഴിയാതെ തലശ്ശേരി ബ്രണ്ണൻ കോളേജിലെ കോൺടാക്ട് ക്ലാസുകളിലേക്ക് ഓട്ടോ ഓടിച്ചെത്തി.

പഠിക്കാൻ എളുപ്പമാകും എന്ന് കരുതിയാണ് മലയാളം തിരഞ്ഞെടുത്തത്. എന്നാൽ അങ്ങനെആയിരുന്നില്ലെന്ന് ഷംസൂക്ക പറയുന്നു. ജീവിതത്തെ ജയിച്ച പോലെ ഭാഷയെയും ജയിച്ച ഈ എംഎക്കാരൻ ഓട്ടോ ഡ്രൈവർക്ക് ഒന്നേ പറയാനുള്ളൂ. ജോലി നേടാനല്ല, നമ്മളെ നമ്മളാക്കാനും കൂടിയാണ് പഠനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com