ഇത് ചരിത്ര വിജയം; 27 വർഷങ്ങള്‍ക്ക് ശേഷം കേരള പുരുഷ ഫുട്ബോള്‍ ടീമിന് ദേശീയ ഗെയിംസ് സ്വർണം

കേരളത്തിനായി 52-ാം മിനിറ്റിൽ എസ്. ​ഗോകുൽ ആണ് വിജയ ​ഗോൾ നേടിയത്
ഇത് ചരിത്ര വിജയം; 27 വർഷങ്ങള്‍ക്ക് ശേഷം കേരള പുരുഷ ഫുട്ബോള്‍ ടീമിന് ദേശീയ ഗെയിംസ് സ്വർണം
Published on

38-ാമത് ദേശീയ ​ഗെയിംസിൽ പുരുഷ ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഫൈനലിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയാണ് കേരളം സ്വർണം നേടിയത്. സ്കോർ (1-0). 27 വർഷങ്ങൾക്ക് ശേഷമാണ് നാഷണൽ ​ഗെയിംസ് ഫുട്ബോളിൽ കേരളം സ്വർണം നേടുന്നത്.


"27 വർഷത്തിനു ശേഷം കേരളം ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ”ക്യാപ്റ്റൻ അജയ് അലക്സ് ഫൈനല്‍ വിസിൽ മുഴങ്ങിയ ശേഷം പറഞ്ഞു.

കേരളത്തിനായി 52-ാം മിനിറ്റിൽ എസ്. ​ഗോകുൽ ആണ് വിജയ ​ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആദിൽ കൊടുത്ത പാസ് ​ഗോകുൽ വലയിലെത്തിക്കുകയായിരുന്നു. നാടകീയമായി പുരോ​ഗമിച്ച കളി 75 മിനിറ്റുകൾ കടന്നപ്പോൾ കേരള ടീമിന്റെ അം​ഗസംഖ്യ 10 പേരായി ചുരുങ്ങി. പ്രതിരോധ താരം സഫ്‌വാനെ വിവാദപരമായ രീതിയിൽ പുറത്താക്കിയതാണ് ടീമിനെ ബാധിച്ചത്. പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു പാഞ്ഞടുത്ത ഉത്തരാഖണ്ഡ് താരത്തെ ഫൗൾ ചെയ്തതിനാണു സഫ്‌വാനെ 75-ാം മിനിറ്റിൽ പുറത്താക്കിയത്. സഫ്‍വാന് ആദ്യം റഫറി യെല്ലോ കാർഡാണ് നൽകിത്. എന്നാൽ പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പു കാർഡ് ഉയ‍ർത്തുകയായിരുന്നു. ഇതിൽ കേരള താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. പത്തുപേരുമായി കേരളം പൊരുതി നിന്നു. അം​ഗ ബലം കുറഞ്ഞിട്ടും കേരളത്തിന്റെ വലകുലുക്കാൻ ഉത്തരാഖണ്ഡിന് സാധിച്ചില്ല.

കേരള പുരുഷ ഫുട്ബോൾ ടീമിന്റെ മൂന്നാമത്തെ ദേശീയ ​ഗെയിംസ് സ്വർണമാണിത്. ഇതോടെ കിരീട നേട്ടത്തിൽ കേരളം പഞ്ചാബിനും പശ്ചിമ ബംഗാളിനും ഒപ്പമെത്തി. സന്തോഷ് ട്രോഫിയിൽ ബം​ഗാളിനോട് പരാജയപ്പെട്ടതിനെ തുടർന്ന് കേരളത്തിന് കിരീടം നഷ്ടമായിരുന്നു. അവസാന നിമിഷത്തിലെ ബം​ഗാൾ താരം റോബി ഹൻസ്ദയുടെ വിജയ ​ഗോളാണ് കേരളത്തിന് തിരിച്ചടിയായത്. 1-0 നായിരുന്നു സന്തോഷ് ട്രോഫി ഫൈനലിലെ പരാജയം. ഈ പരാജയത്തില്‍  നിന്നും പാഠം ഉൾക്കൊണ്ടാണ് അജയ് അലക്സിന്റെ ക്യാപ്റ്റൻസിയിൽ കേരള ടീം ദേശീയ ​ഗെയിംസിൽ എത്തിയത്. ഷഫീഖ് ഹസൻ മഠത്തിലാണ് ടീമിന്റെ മുഖ്യ പരിശീലകൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com