
സാമ്പത്തിക സർവേയിൽ ദേശീയ ശ്രദ്ധ നേടി കേരളത്തിൽ നിന്ന് കുടുംബശ്രീയും വാട്ടർ മെട്രോയും. സർവേയിൽ ഈ പദ്ധതികളെ പരാമർശിച്ചാണ് കേരള മോഡലിനെ അഭിനന്ദിച്ചത്. ഗ്രാമീണ മേഖലയിൽ കൂടുതൽ സ്വാശ്രയ സംഘങ്ങൾ വേണമെന്നു നിർദേശിക്കുന്ന സാമ്പത്തിക സർവേ ആദ്യത്തെ മാതൃകയായി പറയുന്നത് കുടുംബശ്രീയെയാണ്. രണ്ടാമത് ബിഹാറിലെ ജീവികയും, മൂന്നാമത് മഹാരാഷ്ട്രയിലെ മഹിളാ മണ്ഡലുമാണ്.
തൊഴിലുറപ്പിൽ രാജ്യത്തിന്‍റെ കണ്ണുതുറപ്പിക്കേണ്ടതാണ് കേരളത്തിന്‍റെ കണക്ക് എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദശാംശം ഒരു ശതമാനം ദരിദ്രർ മാത്രമുള്ള കേരളമാണ് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ രാജ്യത്തിന്‍റെ നാലുശതമാനം ഫണ്ടും വിനിയോഗിച്ചത് എന്നാണ് സർവേയുടെ കണ്ടെത്തൽ. തമിഴ്നാടും കേരളവും ചേർന്ന് 51 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. തൊഴിലുറപ്പ് കൂലി നൽകുന്നതിലും കേരളത്തിന് പ്രശംസ. ഹരിയാനയും കേരളവും തമിഴ്നാടുമൊക്കെ ദേശീയ നിലവാരത്തേക്കാൾ ഉയർന്ന കൂലി നൽകി സ്ത്രീകളെ ശാക്തീകരിക്കുകയാണ്.
സുഗന്ധ വ്യഞ്ജനങ്ങൾ സംസ്കരിച്ച് ഉന്നത നിലവാരമുള്ള ഒലേറസെന്‍സ് ഉണ്ടാക്കി കയറ്റി അയയ്ക്കുന്ന കേരളത്തിലെ സിന്തൈറ്റ് ഇൻഡസ്ട്രീസ് രാജ്യത്തെ വ്യവസായങ്ങൾക്കു മാതൃകയാകണം എന്നും സർവേ പരാമർശിക്കുന്നു. കൊച്ചി വാട്ടർ മെട്രോയ്ക്കും നിറഞ്ഞ പ്രശംസയാണ്. വികസിത രാജ്യങ്ങൾ ജലഗതാഗത സൗകര്യങ്ങളാണ് യാത്രയ്ക്കും ചരക്ക് കൈമാറ്റത്തിനുമായി ഉപയോഗിക്കുന്നത്. ഈ രീതിക്ക് സമാനമായാണ് കൊച്ചി വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. 33,000 ദ്വീപ് നിവാസികൾക്ക് പ്രയോജനകരമാവുന്ന കൊച്ചി വാട്ടർ മെട്രോ, ഉൾനാടൻ ജലപാതകളുടെ സാധ്യത ഉയർത്തിക്കാട്ടുകയാണ്.
അതേസമയം, കേരളത്തിന് ചില മുന്നറിയിപ്പുകളും റിപ്പോർട്ടിലുണ്ട്. ഇവിടെ അമിത ഭാരമുള്ള സ്ത്രീകളുടെ എണ്ണം 32.4 ശതമാനത്തിൽ നിന്ന് 38.1 ശതമാനമായി ഉയർന്നത് ആശങ്കയുണ്ടാക്കുന്നു. കേരളത്തിലെ 36.1 ശതമാനം പുരുഷന്മാരും അമിത ശരീര ഭാരം ഉള്ളവരാണ്. ആരോഗ്യപൂർണമായ ജീവിതം ഉണ്ടായില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും എന്നാണ് ആ മുന്നറിയിപ്പ്.