
2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന് കേരളത്തില്‍ നിന്ന് വന്‍തുക ഈടാക്കുന്നതിനായി ബില്‍ നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കേരളം. 132 കോടി 62 ലക്ഷം രൂപയുടെ ബില്‍ ആണ് കേരളത്തിന് തിരിച്ചടയ്ക്കാനായി നല്‍കിയിരിക്കുന്നത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ശരീര ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റിന് പോലും കേന്ദ്രം പണം വാങ്ങി. വ്യോമസേന ബില്‍ അയച്ചത് കേരളത്തെ അപമാനിക്കല്‍ ആണ്. അര്‍ഹതപ്പെട്ട സഹായം നല്‍കുന്നതിന് പകരം കേരളത്തില്‍ നിന്ന് തുക ഈടാക്കാനാണ് നീക്കമെന്നും എംപി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച നടപടി കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധിയാണെന്നാണ് എം.ബി. രാജേഷ് പ്രതികരിച്ചത്. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് പോലെയുള്ള നിലപാടാണ് കേരളത്തോട് കേന്ദ്രത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിക്കാന്‍ കേരളത്തിന് കഴിയും. നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി. കേരളത്തോട് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും എം.ബി. രാജേഷ് വിമര്‍ശിച്ചു. പ്രതിപക്ഷത്തിനെതിരെയും എം.ബി. രാജേഷ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഒരക്ഷരം പോലും പ്രതിപക്ഷം മിണ്ടുന്നില്ല. ഇതിന് പ്രതിപക്ഷ നേതാവ് അടക്കം മറുപടി പറയണം. പ്രതിപക്ഷം പിന്നില്‍ നിന്ന് കുത്തുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും പ്രതികരിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുക പോലും പിടിച്ചു വാങ്ങുകയാണ്. ഇത് ദൗര്‍ഭാഗ്യകരമായ നടപടിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കത്തില്‍ പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. ദുരന്തം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിരുന്നു. പ്രളയ കാലത്ത് നല്‍കിയ അരിയുടെ തുക വരെ പിടിച്ചു വാങ്ങി. ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രം. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരത്തില്‍ കാണിച്ചില്ല. കേരള ജനത, സേനാംഗങ്ങളെ ചേര്‍ത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്. സൈന്യത്തിന്റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുകയാണ്. രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നില്‍. കേന്ദ്രത്തിന്റെ ഔദാര്യമല്ല. എന്‍ഡിആര്‍എഫ് ജനങ്ങളുടെ നികുതി ഫണ്ടാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
അതേസമയം കേരളം നന്നാവരുത് എന്ന നിലാപടാണ് കേന്ദ്രത്തിനുള്ളതെന്ന് ശിവദാസന്‍ എംപി പ്രതികരിച്ചു. കേരളം ആവശ്യപ്പെട്ടതിന്റെ നാലില്‍ ഒന്ന് പോലും നല്‍കിയില്ല. മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുകയാണ്. ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ കേരളത്തിന് വീഴ്ച പറ്റിയതായി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. കേരളം കൃത്യമായ റിപ്പോര്‍ട്ട് നല്‍കി. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നേരത്തെ നല്‍കിയെന്ന് കള്ളം പറഞ്ഞവരാണ്. പച്ചക്കള്ളം പറഞ്ഞവര്‍ അത് തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുക ആവശ്യപ്പെട്ട നടപടി കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്ന് സംസ്ഥാനത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രതികരിച്ചു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. സേവനം ചെയ്തതിന് കാശ് വാങ്ങുന്നത് എന്തിനാണ്? കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത് വഞ്ചനയാണ്. കേരളത്തിനോട് കേന്ദ്രത്തിന് നെഗറ്റീവായ സമീപനമാണ്. ഈ സമീപനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. തുക ആവശ്യപ്പെട്ടത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ.വി. തോമസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും നിമിഷങ്ങള്‍ക്കകം സഹായം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.
പ്രളയം മുതല്‍ വയനാട് ചൂരല്‍മല ദുരന്തം വരെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 132 കോടി 62 ലക്ഷം രൂപയുടെ ബില്‍ വ്യോമസേന കേരളത്തിന് നല്‍കിയത്. തുക ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള ചെലവായാണ് ഇത്രയും തുകയുടെ ബില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്ര സഹായം കിട്ടാത്തതിന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടയിലാണ് ബിൽ നല്‍കിയിരിക്കുന്നത്.