തൃണമൂൽ വിമതര്‍ യോഗത്തില്‍; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

ഇന്നത്തെ പ്രധാന വാർത്തകൾ...
തൃണമൂൽ വിമതര്‍ യോഗത്തില്‍; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

തൃണമൂൽ വിമതരെ യോഗത്തിലേക്ക് വിളിച്ചതിലാണ് പ്രതിഷേധം. ലയനത്തിന് സ്‌പീക്കർ അംഗീകാരം നൽകാതെ യോഗത്തിലേക്ക് വിളിച്ചതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്‌തത്. പ്രതിഷേധത്തിന് ശേഷം മടങ്ങിയെത്തിയ പ്രതിപക്ഷം പിന്നീട് യോഗത്തിൽ പങ്കെടുത്തു. എഫ്‌സിആർഎ നിയമഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ ബിൽ, വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ തുടങ്ങിയ ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. മുന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പിക്കാനായാൽ മണ്ഡല പുനർ നിർണയ ബില്ലും ഓഗസ്റ്റ് പതിമൂന്നു വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സർക്കാർ കൊണ്ടുവന്നേക്കും.

ജി. സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് ഗണേഷ് കുമാര്‍

എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ. ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. എൻഎസ്എസ് നേതാക്കൾക്ക് കുറച്ച് മര്യാദ ആകാം. സുരേഷ് ഗോപിയെ വിരട്ടാൻ നോക്കേണ്ടെന്നും ഗണേഷ് കുമാർ.

ശ്വേത മേനോൻ സമർപ്പിച്ചത് അപൂർണമായ മിനുട്സ്

അമ്മ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ ഹർജിയിൽ ശ്വേത മേനോൻ സമർപ്പിച്ചത് അപൂർണമായ മിനുട്സ് എന്ന് എതിർപക്ഷം. ജനറൽ ബോഡിയിൽ നടന്ന പലതും മിനുട്സിൽ ഇല്ല. ശ്വേത ഇറങ്ങിപ്പോയതും അംഗങ്ങൾ രാജി പ്രഖ്യാപിച്ചതും രേഖപ്പെടുത്തിയില്ലെന്നും ആരോപണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. തിങ്കളാഴ്ച അവധി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ ഇതു സംബന്ധിച്ച ഉത്തരവിറക്കും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്ന് മോഷണം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരുന്ന് മോഷണം. നർകോട്ടിക് പരിധിയിൽ വരുന്ന ഉറക്ക ഗുളികകള്‍ ഉള്‍പ്പെടെയാണ് 14-ാം വാർഡിൽ നിന്നും മോഷണംപോയത്. ഫാർമസിയിൽ നിന്നും നഴ്സിങ് സ്റ്റേഷനിലേക്ക് കൊടുത്ത മരുന്നുകളാണ് കാണാതായത്. മെഡിക്കൽ കോളജ് സുപ്രണ്ട് പൊലീസിൽ പരാതി നൽകി. പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം; പ്രതിഷേധത്തിന് നീക്കം

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രതിഷേധവുമായി ഡൽഹിയിലേക്ക്. ജന്തർ മന്ദറിൽ നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പൂർണ സംസ്ഥാന പദവി വേണമെന്ന ആവശ്യം നാഷണൽ കോൺഫറൻസ് പലതലത്തിലായി ഉന്നയിച്ചെങ്കിലും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം കശ്മീരിന് സംസ്ഥാനപദവി തിരിച്ച് നൽകുമെന്നതായിരുന്നു.. 2019ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370ൻ്റെ വ്യവസ്ഥകൾ റദ്ദാക്കിയതോടെയാണ് ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറിയത്.

മമതയെ ഉപേക്ഷിച്ചവർ തിരിച്ചെത്തിയാല്‍  രാജിവെക്കുമെന്ന് അഭിഷേക് ബാനര്‍ജി

തൃണമൂൽ കോൺഗ്രസ് വിമതരേയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവരേയും വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കുമെന്ന് അഭിഷേക് പ്രഖ്യാപിച്ചു. എന്നാൽ വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബിജെപിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്നും അഭിഷേക് ആരോപിച്ചു.

ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

ജോർദാനിലെ സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയിൽ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം. ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചു..

മഴ കുറഞ്ഞു; കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി പ്രാര്‍ഥന

മധ്യപ്രദേശിലെ ഭോപ്പാലിൽ മഴ കുറഞ്ഞതിനെ തുടർന്ന് ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത ആചാരവുമായി നാട്ടുകാർ. കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി ഇന്ദ്രദേവനോട് പ്രാർഥിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴുതകൾക്ക് മധുരപലഹാരങ്ങൾ നൽകുന്നതിലൂടെ ഇന്ദ്രദേവൻ സന്തുഷ്ടനാകുമെന്നും പ്രദേശത്ത് നല്ല മഴ ലഭിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. മഴ കുറവുള്ള സമയങ്ങളിൽ രാജസ്ഥാനിലെ ചില ഗ്രാമങ്ങളിലും ഇത്തരം ആചാരങ്ങൾ നടക്കാറുണ്ട്.

ജമ്മുകശ്മീരില്‍ മിന്നല്‍ പ്രളയം; യുവതിയെ കാണാതായി

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. ഒരു യുവതിയെ കാണാതായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ ജനജീവിതം തടസ്സപ്പെട്ടു. മേഘവിസ്ഫോടനത്തിന് സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും നദികൾ, അരുവികൾ എന്നിവിടങ്ങളിൽ പ്രവേശിക്കരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.. ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 25 വരെ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല

സംസ്ഥാനത്ത് പതിവായ വൈദ്യുതി നിയന്ത്രണം ഇന്ന് ഉണ്ടാകില്ല.അധിക വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമാകും. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് കെഎസ്ഇബിയുടെ നീക്കം. ഇതോടെ, ലോകകപ്പ് ഫൈനല്‍ തടസമില്ലാതെ കാണാനാകും. വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനെ ബാധിക്കുകയും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ആശുപത്രിയിലും നിരാഹാരസമരം തുടർന്ന് സോനം വാങ്ചുക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിയിലും നിരാഹാരസമരം തുടർന്ന് സോനം വാങ്ചുക്ക്. ഭക്ഷണമോ ഗ്ലൂക്കോസോ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് ഡോക്ടമാർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരം തുടരാനാണ് സോനം വാങ്ചുക്കിന്റെ നിലപാട്. അതേസമയം, സിജെപി നാളെ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.

ട്രംപിനും കുടുംബത്തിനും വധഭീഷണി

യുഎസ് പ്രസിഡനറ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും ഇറാന്റെ വധഭീഷണി. ശവപ്പെട്ടികളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലായിരുന്നു വെല്ലുവിളി.

പിഎസ്‍സിയുടെ നിർണായക യോഗം നാളെ

പരീക്ഷാ ക്രമക്കേടിലെ അന്വേഷണങ്ങൾക്കിടെ പിഎസ്‍സിയുടെ നിർണായക യോഗം നാളെ. എസ്ഐടിക്ക് കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ എം. ആർ. ബൈജു യോഗത്തെ അറിയിക്കും. ഉത്തരക്കടലാസുകളുടെ പരിശോധനയക്ക് അന്വേഷണ സംഘം നാളെ PSC ആസ്ഥാനത്ത് എത്തും. മൂല്യനിർണയത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും എസ്ഐടി തേടുന്നുണ്ട്.

പ്ലീഡര്‍ നിയമന വിവാദം: പോര് മുറുകുന്നു

പ്ലീഡർ നിയമന വിവാദത്തിലെ ചേരിപ്പോരിനിടെ KSU-വിൽ പിടിമുറുക്കാനുള്ള നീക്കത്തിൽ വി.ഡി സതീശൻ പക്ഷം. ഗ്രൂപ്പ് സജീവമാക്കാൻ നേതൃതലത്തിലും ചരടുവലികൾ സജീവം... സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് മേൽക്കൈ നേടാനാണ് ശ്രമം. അതേസമയം, മുഖ്യമന്ത്രിയെ നേരിട്ട് കാണണം എന്ന നിലപാടില്‍ തന്നെയാണ് അലോഷ്യസ് സേവ്യർ.

വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. എഫ്‌സിആർഎ ഭേദഗതി അടക്കം അഞ്ച് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായാൽ മണ്ഡലപുനർനിർണയ ബില്ലും സഭയിലും എത്തിയേക്കും.അയോധ്യ സംഭാവന കൊള്ള അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

ലീഗ് മന്ത്രിമാർക്ക് രൂക്ഷ വിമശനം 

മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജില്ലാ കമ്മിറ്റികൾ അവഗണിക്കപ്പെട്ടു. വഖഫ് ബോർഡ്, പിഎംശ്രീ വിഷയങ്ങളിലെ നിലപാടുകളിലും അംഗങ്ങൾ എതിർപ്പ് അറിയിച്ചു. വകുപ്പുകളിലെ താൽക്കാലികനിയമനങ്ങൾ കോൺഗ്രസ് ഏകപക്ഷിയമായി നടത്തുന്നെന്നും ആക്ഷേപം ഉയരുന്നുണ്ട്.

News Malayalam 24x7
newsmalayalam.com