
പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ് സി ആർ എ ഭേദഗതി ഉൾപ്പെടെ അഞ്ച് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ. അതേസമയം, മണ്ഡല പുനർനിർണയ ഭേദഗതി ബിൽ ഈ സമ്മേളന കാലയളവിൽ അവതരിപ്പിച്ചേക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഇന്ധനവില വര്‍ധന, അയോധ്യക്കൊള്ള ഉള്‍പ്പെടെ വിഷയങ്ങളുയര്‍ത്തി പ്രതിഷേധം ശക്തമാക്കാനാകും പ്രതിപക്ഷത്തിന്റെ നീക്കം.
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. സമൂഹത്തിന് ഭീഷണിയായ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് നിർണായക വിധി പറയുക.
പരീക്ഷാ ക്രമക്കേടിൽ നിർണായക പിഎസ്‌സി യോഗം ഇന്ന്... എസ്ഐടിക്ക് കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ യോഗത്തെ അറിയിക്കും. ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ പരിശോധനയ്ക്കായി എസ്ഐടി പിഎസ്‌സി ആസ്ഥാനത്ത് എത്തും. മൂല്യനിർണയത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും.
പ്ലീഡർ നിയമന വിവാദത്തിനിടെ ഇന്ന് മുഖ്യമന്ത്രി-അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച. കെഎസ്‌യു സംസ്ഥാന അധ്യക്ഷന് സമയം അനുവദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത് സണ്ണി ജോസഫിനെ നേരിട്ട് കണ്ടതോടെ.. പ്ലീഡർ പട്ടികയിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന് സൂചന.
ആലപ്പുഴ രക്ഷാപ്രവർത്തന കേസില്‍ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകിയേക്കും. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാലുടൻ ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടാവും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക. അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത.
ശബരിമല സ്വർണക്കൊള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ. പി.എസ്. പ്രശാന്തിനെ പ്രതി ചേർത്തത് അടക്കമുള്ള വിവരങ്ങൾ കോടതിക്ക് കൈമാറും. അന്തിമ റിപ്പോർട്ട് എന്ന് കൈമാറും എന്നതിലും എസ്‌ഐടി ഇന്ന് വ്യക്തത വരുത്തും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് ഇഡി വിശദീകരണം. സ്വാഭാവിക പ്രകോപനം മാത്രമായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഒമ്പത് പേരുടെ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതിയാണ് പരിഗണിക്കുന്നത്.
പരീക്ഷാക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സിജെപി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ആയിരങ്ങളാണ് പ്രതിഷേധത്തിനായി അണിനിരന്നത്. അതേസമയം, മാർച്ച് നേരിടാൻ ശക്തമായ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന മെട്രോ സ്റ്റേഷനുകളില്‍ സേനയെ വിന്യസിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെയോടെ സംസ്ഥാനത്ത് വീണ്ടും മഴ ദുർബലമാകും . നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല . ഇന്ന് മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നിലവിൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസ്സമില്ല.
കോക്രോച്ച് ജനതാ പാർട്ടി വിഷയത്തില്‍ കൊമ്പുകോര്‍ത്ത് പ്രതിപക്ഷ പാർട്ടികൾ. സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസും കോണ്‍ഗ്രസ് എംപി ജയറാം രമേശും തമ്മിലാണ് വാക്കേറ്റം. സിജെപിക്കു പിന്നിൽ ആർഎസ്‌എസ് ആണെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബ്രിട്ടാസ് ഇതിനെ എതിര്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള ഇന്‍ഡ്യാ മുന്നണി യോഗത്തിലായിരുന്നു തർക്കം.
തലക്കെട്ട് വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് ചുമതലക്കാരൻ കെ.ആര്‍. അജയന് എതിരെ അച്ചടക്ക നടപടിക്ക് സാധ്യത. അജയൻ്റെ മുറി പൂട്ടി കമ്പ്യൂട്ടർ അടക്കം എടുത്ത് മാറ്റി. ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ്. 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാത്തത് വിശദീകരിക്കണം.
നീറ്റ് യു ജി പുനപ്പരീക്ഷ ഫലത്തിൽ പിശകുകൾ ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ രംഗത്ത്. പരീക്ഷക്കു ശേഷം ആൻസർ കീ വെച്ച് കണക്ക് കൂട്ടിയതിനേക്കാൾ വളരെ കുറവ് മാർക്കാണ് ലഭിച്ചതെന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടു. കാൺപൂരിൽ നിന്നുള്ള ആര്യ സിങ്ങിന് ആദ്യം 540 മാർക്കാണ് പോർട്ടലിൽ കാണിച്ചിരുന്നത്. എന്നാൽ പിന്നീട് 167 ആയി കുറഞ്ഞുവെന്നാണ് ആരോപണം. ലഖ്നൗ സ്വദേശിയായ പ്രതിഭ ത്രിവേദി പറയുന്നത്, ആൻസർ കീ പരിശോധിച്ചപ്പോൾ 640 മാർക്കാണ് പ്രതീക്ഷിച്ചിരിക്കുന്നത്. പക്ഷെ 38 മാർക്ക് മാത്രമാണ് കിട്ടിയതെന്നാണ് പരാതി. പിശകുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പരാതി ഉന്നയിച്ചതോടെ വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് എൻടിഎ അറിയിക്കുന്നത്.
വൈദ്യുതി പ്രതിസന്ധിക്ക് എല്ലാ മാർഗങ്ങളും ചർച്ച ചെയ്യുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലോകത്ത് എല്ലായിടത്തും ആണവ നിലയങ്ങൾ ഉണ്ട്. കേരളവും ലോകത്തിൻ്റെ ഭാഗമാണെന്നും അത്തരം കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ ഫ്ലക്സ് വച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഡിവൈഎഫ്ഐ മന്ത്രിയുടെ ഫോട്ടോ വച്ച ഫ്ളക്സ് വച്ച് ചോറ് വിതരണം നടത്തിയത്. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന വാചകം ഫ്ളക്സിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കോവിൽ വിള യൂണിറ്റ് ആണ് ഇത്തരത്തിൽ ഫ്ലക്സ് വച്ചത്.
ജന്തർ മന്തറിൽ നിന്ന് പൊലീസ് സിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സമരപന്തൽ ബലപ്രയോഗത്തിലൂടെ പൊലീസ് പൊളിച്ചുമാറ്റി. പ്രവർത്തകരും പൊലീസും തമ്മിൽ സ്ഥലത്ത് ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ പിരിഞ്ഞു പോകാൻ പൊലീസ് ലാത്തി വീശിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
വിവാഹ വേദിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ. തൃശൂർ കൈപ്പമംഗലത്തെ വിവാഹ വേദിയിലാണ് ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വധുവരനും, മുഴുവൻ ആളുകളും പ്രതിജ്ഞ ചൊല്ലിയത്. കൂരിക്കുഴി സ്വദേശി മുഹമ്മദ് ഷാഫിയുടെയും കാസർഗോഡ് കിഴക്കാർ സ്വദേശി റമീസയും തമ്മിലുള്ള വിവാഹമാണ് വേറിട്ട മാതൃകയായത്. ഇന്നലെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ. ജയകുമാർ സദസിന് ലഹരി വിരുദ്ധ സത്യവാചകം ചൊല്ലിക്കൊടുത്തു.
സർക്കാർ ആശുപത്രിയിൽ രോഗിക്ക് ചികിത്സ നൽകിയത് മൊബൈൽ വെളിച്ചത്തിലെന്ന് പരാതി. തിരുവനന്തപുരം പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ് സംഭവം. മുറിവ് വെച്ച് കെട്ടാൻ വിതുര സ്വദേശിയായ രോഗി എത്തിയപ്പോഴാണ് ദുരാവസ്ഥ ഉണ്ടായത്. രോഗിയുടെ കൂടെ വന്നയാൾ മൊബൈൽ വെളിച്ചം തെളിച്ചതോടെയാണ് അധികൃതർ മുറിവ് വച്ച് കെട്ടിയതെന്നാണ് ആക്ഷേപം. ജനറേറ്റർ കേടായതിനെ തുടർന്നാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
സർക്കാർ പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. ജിയോണ ജെയിംസ് തുടരും. പട്ടികയിൽ ഇനി മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹിയിലെ തെരുവിൽ പ്രതിഷേധിക്കുന്നവർ ക്രിമിനലുകളല്ലെന്ന് രാഹുൽ ഗാന്ധി. അവർ അവകാശങ്ങൾക്കായി പോരാടുന്നവരാണ്. പ്രധാനമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം. വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയിൽ എല്ലാവരും നിരാശരാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ സമരത്തോടെ സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
റബറിൻ്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഉൽപ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബറിൻ്റെ താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. താങ്ങുവില 200ൽ നിന്ന് 250 രൂപയാക്കി ഉയർത്തുമെന്ന് ബജറ്റിലും പ്രഖ്യാപനം ഉണ്ടായിരുന്നു. ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകം
പീച്ചി ഡാമിന് സമീപം ഭൂചലനം. തെക്കേക്കുളം,ജണ്ടമുക്ക് ഭാഗങ്ങളിലാണ് നേരിയ തോതിൽ ഭൂചലനം ഉണ്ടായത്. പ്രകമ്പനവും ചെറിയ തോതിൽ കുലുക്കവും നേരിട്ടതായി പ്രദേശവാസികൾ പറഞ്ഞു. ആളപായമോ, അപകടങ്ങളോ നിലവിലില്ല. ഇന്ന് വൈകിട്ട് 6.15നാണ് സംഭവം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം. അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാർ എംഎൽഎയുടെ പരാതിയിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി കൈമാറി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശം.
ഡൽഹിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് നേരിയ തോതിൽ ലാത്തിവീശി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. പാർലമെൻ്റ് മാർച്ചിനെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി, ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് പിടിയിലായത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ കണ്ണികളാണ് ഇവർ. ചരക്ക് പിടികൂടിയത് ദില്ലിയിലെ ഗോഡൗണിൽ നിന്നാണ്. ഗുളികകൾ കടത്താനിരുന്നത് ലിബിയയിലേക്ക്. മലയാളികളെ പിടികൂടിയത് ഇന്നലെ ഇടപ്പള്ളിയിൽ നിന്ന്. ഉയർന്ന ശേഷിയുള്ള ട്രേഡാമോൾ, സംഘർഷ മേഖലകളിൽ മയക്കുമരുന്നായാണ് ഉപയോഗിക്കുന്നത്.
വയനാട്ടിൽ വീണ്ടും ഷിഗെല്ല. നാല് വിദ്യാർഥികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ. വയനാട് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വർക്കലയിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് ഏഴുമണിയോടെ വർക്കല–കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷന് സമീപമായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തു നിന്ന് വർക്കലയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. കടയ്ക്കൽ സ്വദേശി ദിലീപ് ഓടിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു സംഭവം.