
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന്. രാവിലെ പത്തോടെ പ്രവര്‍ത്തകര്‍ ജന്തർ മന്തറിൽ എത്തിച്ചേരണമെന്നാണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഐഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രതിരോധം കടുപ്പിച്ച് സമരത്തെ തളര്‍ത്താനാണ് ഡല്‍ഹി പൊലീസിന്റെ ശ്രമം. ജന്തർമന്തറിലെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റെർനെറ്റ് നിരോധിച്ചു, 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 247 ട്രെയിനുകൾ റദ്ദാക്കി, ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇതിനൊപ്പം, സമരക്കാരെ കരുതല്‍ തടങ്കലിലാക്കുന്നുമുണ്ട്. സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.