റേഞ്ച് റോവര്‍ വിവാദത്തില്‍ കെ.എം. ഷാജിയുടെ വാദം പൊളിയുന്നു; സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളത് മൂന്നു മന്ത്രിമാര്‍ക്കു മാത്രം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
റേഞ്ച് റോവര്‍ വിവാദത്തില്‍ കെ.എം. ഷാജിയുടെ വാദം പൊളിയുന്നു; സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളത് മൂന്നു മന്ത്രിമാര്‍ക്കു മാത്രം

റേഞ്ച് റോവര്‍ വിവാദത്തില്‍ കെ.എം. ഷാജിയുടെ വാദം പൊളിയുന്നു; സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളത് മൂന്ന് മന്ത്രിമാര്‍ക്ക് മാത്രം

ആഡംബര കാർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വാദം പൊളിച്ച് സർക്കാർ രേഖ. സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടെന്നായിരുന്നു ഷാജിയുടെ വിശദീകരണം. എന്നാല്‍, മന്ത്രിമാരിൽ സ്വകാര്യവാഹനം ഉപയോഗിക്കാൻ മൂന്ന് പേർക്ക് മാത്രമാണ് പൊതുഭരണ വകുപ്പ് അനുമതിയുള്ളത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഇ. അബ്ദുൾ ഗഫൂര്‍ എന്നിവര്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്. അതേസമയം, സ്വകാര്യ ചടങ്ങില്‍ പങ്കെടക്കാന്‍ കണ്ണൂരില്‍നിന്ന് കുര്‍ഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റേഞ്ച് റോവറിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

19 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും. ഒഡീഷയിലും ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ അഞ്ചു ജില്ലകളിലും മറ്റന്നാൾ എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ ന്യൂനമർദം അടുത്ത 24 മണിക്കൂറിനിടയിൽ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിൽ അടക്കം മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ മേധാവി ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറിയിരുന്നു. അതിനാൽ ഇന്ന് കേസ് പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷയും എറണാകുളത്തേക്ക് മാറ്റും. മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണത്തിനെതിരെ കോൺഗ്രസ് വക്താവ് രാജു പി. നായരാണ് പരാതി നൽകിയത്... ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുണ്ടാകുമോ? സമസ്ത മുശാവറ ഇന്ന്

സിപിഐഎമ്മിന്റെ വഖഫ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കത്തിനെതിരെ അമർഷം പുകയുന്നതിനിടെ നിർണായക മുശാവറ യോഗം ഇന്ന്. വഖഫ് ബോർഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ വിമർശിച്ചതിന് ഉമർ ഫൈസി മുക്കത്തിനെതിരെ ഇന്നത്തെ മുശാവറയിൽ നടപടി വേണമെന്നാണ് ലീഗ് പക്ഷത്തിന്റെ നിലപാട്. ഉമർ ഫൈസിക്കെതിരെ മലപ്പുറത്ത് നടത്താനിരുന്ന ബദൽ സെമിനാർ, പ്രശ്നം ചർച്ച ചെയ്യാമെന്ന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നായിരുന്നു സംഘാടകർ പിൻവലിച്ചത്. അതുകൊണ്ടു തന്നെ ഇന്നത്തെ യോഗത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പിൻവലിച്ച ബദൽ സെമിനാർ വീണ്ടും നടത്തുമെന്നും ലീഗ് പക്ഷം പറയുന്നു. ഇന്നത്തെ യോഗത്തിൽ പുതിയ സമസ്ത ജനറൽ സെക്രട്ടറിയെ സംബന്ധിച്ചും ചർച്ച ചെയ്തേക്കും.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം; ചർച്ചകൾക്ക് ഇന്ന് തുടക്കമാകും

യുഡിഎഫ് സർക്കാരിന്റെ മദ്യനയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ പതിനൊന്നരയോടെ എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിൽ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. ആദ്യദിവസം മദ്യനിരോധന സമിതി ഭാരവാഹികൾ, വിവിധ മതമേലധ്യക്ഷൻമാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുമായുള്ള ചർച്ചയാണ് നടക്കുക. ആദ്യമായാണ് മദ്യനയത്തിന്റെ ഭാഗമായി മദ്യ വിരുദ്ധ സമിതികളുമായി സർക്കാർ ചർച്ച നടത്തുന്നത്. നാളത്തെ ചർച്ചയ്ക്കു ശേഷം 25ന് ബാർ ജീവനക്കാരുമായും മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും. 28നാണ് മുൻ എക്സൈസ് മന്ത്രിമാരുമായുള്ള ചർച്ച. അടുത്തമാസം ആദ്യ വാരത്തോടെ മദ്യനയത്തിൽ ചർച്ചകൾ പൂർത്തിയാക്കും. അതിനു ശേഷം യുഡിഎഫിൽ ചർച്ച ചെയ്ത് മദ്യനയം അന്തിമമാക്കും. ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യത്തിലെ വില്‍പ്പന, ബാർ ലൈസൻസ് കൊടുക്കേണ്ട ഹോട്ടലുകളുടെ ശ്രേണി നിശ്ചയിക്കൽ, ബോധവൽക്കരണം, മദ്യ ഉപഭോഗം ഒഴിവാക്കിയവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകിയാവും മദ്യ നയം രൂപീകരിക്കുക.

ഇഡി റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കും

ഇഡി റിപ്പോർട്ടിൽ ഇന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ അന്വേഷണ തീരുമാനം ഔദ്യോഗികമായി അറിയിക്കുക. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസത്തെ ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ചും മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചേക്കും. യാത്ര ചെലവുമായി ബന്ധപ്പെട്ട സർക്കാരിന് പണച്ചെലവ് ഉണ്ടായിട്ടില്ല എന്ന നിലപാടാകും മുഖ്യമന്ത്രി സ്വീകരിക്കുക. മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രി കെ.എം. ഷാജിയുടെ ആഡംബരക്കാർ ഉപയോഗം എന്നിവയിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകും..

ശമ്പളമെവിടെ സർക്കാരേ? മാസങ്ങളായി ശമ്പളമില്ലാതെ അങ്കണവാടി ജീവനക്കാര്‍

സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാരുടെ ശമ്പള വിതരണ പ്രതിസന്ധിയിൽ പരിഹാരം കാണാതെ സർക്കാർ. മാസങ്ങളായി ശമ്പളം മുടങ്ങിയിട്ടും പരിഹാരമില്ലാതായതോടെ പ്രത്യക്ഷ സമരത്തിനിറങ്ങി തൃശൂരിലെ ജീവനക്കാർ. ജില്ലയിൽ മാത്രം 247 ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ശമ്പളമില്ലായ്മയ്ക്ക് പുറമെ അങ്കണവാടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സ്വന്തം കയ്യിൽ നിന്നെടുക്കുന്ന പൈസ പോലും സർക്കാർ നൽകുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും അങ്കണവാടി ജീവനക്കാർ ആരോപിച്ചു.

News Malayalam 24x7
newsmalayalam.com