വിവാദങ്ങൾക്കിടെ നിർണായക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുമോ എന്നതിൽ ഉദ്വേഗം. രാഹുൽ എത്തിയാൽ പ്രത്യേക ബ്ലോക്കായി ഏറ്റവും പിന്നിൽ ഇരുത്തും. വിഎസ് ഉൾപ്പെടെ വിടവാങ്ങിയ നേതാക്കൾക്ക് അനുശോചനം രേഖപ്പെടുത്തി ആദ്യദിനം പിരിയും.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടിയുൾപ്പെടെ ചർച്ചചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും. രാഹുൽ വിഷയത്തിൽ എ ഗ്രൂപ്പിലെ അഭിപ്രായഭിന്നത നേതാക്കൾ തുറന്നു പറഞ്ഞേക്കും. വയനാട്ടിലെ ചേരിപ്പോരും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.
വിദ്യാർഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ നടപടിയിൽ പ്രതിഷേധിച്ച് തൃശൂരിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. വിയ്യൂർ ജയിലിൽ കഴിയുന്ന വിദ്യാർഥികളെ ഷാഫി പറമ്പിൽ എം.പി നേരിട്ടെത്തി കാണും. പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്ത് കോൺഗ്രസും.
നാടിനെ ഞെട്ടിച്ച പത്തനംതിട്ട ഹണിട്രാപ്പ് ക്രൂരതയിൽ സമഗ്രാന്വേഷണത്തിന് പൊലീസ്. പരാതിക്കാരായ യുവാക്കളുടെ വിശദമൊഴി രേഖപ്പെടുത്തും. ക്രൂരതയുടെ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ നിന്ന് വീണ്ടെടുക്കാൻ അന്വേഷണസംഘത്തിൻ്റെ ഊർജിത ശ്രമം.
ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ഇന്ന് ദോഹയിൽ. ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയും ഗാസയിൽ അതിരൂക്ഷ ആക്രമണം. 30ഓളം കെട്ടിടങ്ങൾ തകർത്ത് ഇസ്രയേൽ. നെതന്യാഹു-റൂബിയോ ചർച്ച ഇന്നും തുടരും. അമേരിക്കയുമായുള്ള ബന്ധം ദൃഢമായി തുടരുമെന്ന് നെതന്യാഹു.
സഭയിൽ രാഹുൽ വരണമോ എന്നതിൽ എ ഗ്രൂപ്പിൽ ഭിന്നാഭിപ്രായമാണ്. മാറി നിൽക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ നേതാവ്. സഭയിലേക്ക് വരരുതെന്ന് ആരും രാഹുലിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.
ആർഎസ്എസ് മുഖവാരിക കേസരിയിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെരെ കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക എഡിറ്റോറിയൽ. സംഘപരിവാറിൻ്റേത് വിഷലിപ്ത ലേഖനമെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള നീക്കമാണ് സംഘപരിവാറിൻ്റേത്. കേസരി ലേഖനിലുടനീളം മതപരിവർത്തന നിരോധിത ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ ഉപേക്ഷിക്കാൻ കമ്പനിയുടെ നീക്കം. കപ്പൽ മുങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഉയർത്താനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. കപ്പലിലെ രാസവസ്തുക്കൽ പുറത്ത് വന്നാൽ അത് മത്സ്യമേഖലക്കും, കപ്പൽ ഗതാഗതത്തിനും ഭീഷണിയാണ്. അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
സംസ്ഥാനത്തെ സൈബർ തട്ടിപ്പുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരകളിൽ നിന്നും നഷ്ടമായത് 750 കോടി രൂപയാണ്. ജൂൺ മാസം വരെ 286 പേരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 1000ലധികം പരാതികളാണ് ഒരു ദിവസം സൈബർ സ്റ്റേഷനിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ, സൈബർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്.
പെരിന്തൽമണ്ണ മണ്ണാർ മലയിൽ ഇന്നും പുലി ഇറങ്ങി. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. പുലിയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായടക്കം കൂടിയാലോചന നടത്തി. ഇന്ന് രാഹുലിനെതിരെ പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ഇന്ന് നിയമസഭാ സമ്മേളനത്തിന് എത്തുന്നത്.
കൊല്ലത്ത് നാലു വയസുകാരനെ നുള്ളി പരിക്കേൽപ്പിച്ച സംഭവത്തിൽ അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ. അധ്യാപിക ശോഭന കുമാരിയെയാണ് സസ്പെൻഡ് ചെയ്തത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത് വിവാഹിതനായി. കുന്നംകുളം പുതുശേരി സ്വദേശിനി തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് വിവാഹം നടന്നത്. മുൻ എംപി ടി.എൻ. പ്രതാപൻ, ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, അനിൽ അക്കര, സന്ദീപ് വാര്യർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തു.
തൃശൂർ കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി സിഐ യു.കെ. ഷാജഹാന് സ്ഥലം മാറ്റം. സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. സിഐക്ക് വീഴ്ച പറ്റി എന്ന് കമ്മീഷണറുടെ റിപ്പോർട്ടിൽ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റം.
വിലക്കുകൾ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ. സുഹൃത്തിൻ്റെ വാഹനത്തിലാണ് രാഹുൽ നിയമസഭയിൽ എത്തിയത്. സഭയിൽ കയറിയ രാഹുൽ ഇരിക്കുന്നത് പ്രത്യേക ബ്ലോക്കിലാണ്. പ്രതിപക്ഷ നേതാവ് അടക്കം എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിൽ എത്തിയത്.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവെന്ന് ഇ.പി. ജയരാജൻ എംഎൽഎ. രാഹുലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങളാണ് ഉയർന്നുവന്നത്. പൂർവ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാൻ പാടില്ലെന്നും ജയരാജൻ വിമർശിച്ചു.
കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നു. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണ്. ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നത് കൂടിയാണിത്. രാഹുൽ സഭയിലെത്തിയത് സഭയിൽ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോൺഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധമുണ്ട്," ജയരാജൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ ദിവസവും സഭയിലെത്താനാണ് രാഹുലിൻ്റെ തീരുമാനം. ചില വിഷയങ്ങൾ ഉയർത്തി സംസാരിക്കാൻ അവസരം തേടി സ്പീക്കർക്ക് കത്ത് നൽകും. രാഹുൽ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങും. വിവാദത്തിൽപ്പെട്ട ശേഷം രാഹുൽ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലയിൽ പാർട്ടിയിൽ ആഭ്യന്തര കലാപം. സംസ്ഥാന കമ്മിറ്റിയിൽ പാതിവില തട്ടിപ്പിലെ ആരോപണ വിധേയനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് മുൻ സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ളവർ രാജി പ്രഖ്യാപനം നടത്തിയത്. പാതിവില തട്ടിപ്പിൽ ഉൾപ്പെട്ട സൈൻ സൊസൈറ്റിയുടെ സംസ്ഥാന ട്രഷററർ ബിനീഷ് ഞാറയ്ക്കലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. പാതിവില തട്ടിപ്പിൽ ആരോപണ വിധേയനായ ബിനീഷിനെതിരേയും നിരവധി പരാതികൾ ഉയർന്ന് വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. 163 അംഗ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. കോർ കമ്മിറ്റിയിലെ അംഗങ്ങളുടെ വർധനയ്ക്ക് പിന്നാലെയാണ് വിപുലമായ സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചിരിക്കുന്നത്. വി.മുരളീധര പക്ഷത്തിലെ പ്രമുഖ നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി.
കോൺഗ്രസ് നേതൃത്വത്തിൻ്റെ എതിർപ്പിന് പുല്ലുവില കൽപ്പിച്ച് സഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ നിന്നും പുറത്തിറങ്ങി. പ്രതിപക്ഷ നിരയിൽ നിന്ന് ആരോ കുറിപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് രാഹുൽ പുറത്തിറങ്ങിയത്.
അതേസമയം, രാഹുൽ എംഎൽഎ ആയതിനാലാണ് നിയമസഭയിൽ ഹാജരായതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടി പുറത്താക്കിയ രാഹുൽ യൂത്ത് കോൺഗ്രസ് നേതാവുമായി സഭയിലെത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പുറത്താക്കിയ ഒരാളോട് സംസാരിക്കാതിരിക്കാൻ ഇത് മാർക്സിസ്റ്റ് പാർട്ടിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
വഖഫ് നയമഭേദഗതിയിൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ല. ജില്ലാ കളക്ടറുടെ അധികാരത്തിനും കോടതിയുടെ കൂച്ചുവിലങ്ങ്. നിർണായ വിധി പറഞ്ഞ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെ. മുരളീധരൻ. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. ഇതെക്കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. ധാർമിക പ്രശ്നം ഇടതുപക്ഷത്തിനാണെന്നും മുരളീധരൻ.
വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി വെറുതെ വിട്ടു. വനം വകുപ്പ് മുൻ ചീഫ് കൺസർവേറ്റർ പ്രകൃതി ശ്രീവാസ്തവയുടെ പരാതിയിൽ എടുത്ത കേസിലാണ് നടപടി. കേസിൽ നീലലോഹിതദാസൻ നാടാരെ വിചാരണകോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
തലസ്ഥാനത്തെ ബോംബ് ഭീഷണിയിൽ ഇന്ന് കമ്മീഷണർ ഓഫീസിൽ യോഗം ചേരും. യോഗത്തിൽ സേനയിലെ സൈബർ വിദഗ്ധർ പങ്കെടുക്കും. ഇതുവരെയും ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൈക്രോസോഫ്റ്റ് കമ്പനികളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ കാലതാമസം ഉള്ളത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടുമാസത്തിനിടെ നാല്പത്തിലധികം ഭീഷണി സന്ദേശങ്ങൾ ആണ് വന്നത്.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ രണ്ടാം പ്രതി വെള്ളിപറമ്പ് സ്വദേശി രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾ മൂന്നുപേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അതേസമയം സരോവരത്ത് നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഏകദേശം 30 വയസ് പ്രായം ഉള്ള പുരുഷന്റേത് എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവരും.
കോൺഗ്രസ് നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിനെത്തിയതിൽ ന്യായീകരണവുമായി രാജ് മോഹൻ ഉണ്ണിത്താൻ. രാഹുൽ എത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നിലപാടിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. രാഹുലിന് നിരവധി സുഹൃത്തുക്കളുണ്ട് അവർക്കൊപ്പമായിരിക്കാം സഭയിൽ എത്തിയതെന്നും രാജ് മോഹൻ ഉണ്ണിത്താൻ.
നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളി നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലെത്തിയതിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചെന്നിത്തല. പാർട്ടിയെ പരിങ്ങലിൽ ആക്കാൻ മാധ്യമങ്ങൾക്ക് കഴിയില്ലെന്ന് എ.പി. അനിൽകുമാർ.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവ് വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അയാളുടെ തീരുമാനം ആണെന്ന് പി.സി. വിഷ്ണുനാഥ്. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഒരാൾക്ക് സഭയിൽ പങ്കെടുക്കാൻ അവകാശം ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
നിയമസഭയിൽ നിന്നിറങ്ങി എംഎൽഎ ഹോസ്റ്റലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാൻ എസ്എഫ്ഐ പ്രവർത്തകർ. എംഎൽഎ ഹോസ്റ്റൽ കോമ്പൗണ്ടിൽ എസ്എഫ്ഐ പ്രവർത്തകർ കടന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നിറങ്ങിയ രാഹുലിന്റെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിയതിൽ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ. ജയദേവൻ. ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുകയാണ് യൂത്ത് കോൺഗ്രസ് ചെയ്യുന്നത്. രാഹുൽനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ്. യൂത്ത് കോൺഗ്രസ് പിരിച്ചുവിടണമെന്നും ആർ. ജയദേവൻ.
കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശില്പമായ മലമ്പുഴ യക്ഷിക്ക് വാട്സ്ആപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടേക്ക് മെസേജ് അയച്ചേനെ. രാഹുലിനെ പാലക്കാട് എത്തിയാൽ തടയും. പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ആർ. ജയദേവൻ പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണപ്പാളി ഇളക്കിയ സംഭവത്തിൽ പണി പൂര്‍ത്തിയാക്കിയാലുടന്‍ സ്വര്‍ണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം നൽകിയത്. സ്വര്‍ണപ്പാളി നിര്‍മാണത്തിനായി എത്ര സ്വര്‍ണം ഇതുവരെ ഉപയോഗിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു.
മഹസര്‍ ഉള്‍പ്പടെയുള്ള എല്ലാ മുന്‍ രേഖകളും മറ്റന്നാള്‍ ഹാജരാക്കണം. സ്വര്‍ണം പൂശിയ വിവരങ്ങളില്‍ അവ്യക്തത ഉണ്ടെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. 2019ന് മുന്‍പും സ്വര്‍ണാവരണം പൂശിയിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷണം.
തൃശൂർ ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച് യുവാക്കൾ. ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഫോടനത്തിൽ യുവാവിൻ്റെ കൈപ്പത്തി തകർന്നു. മണത്തല സ്വദേശി സൽമാൻ ഫാരിസിന് ആണ് പരിക്കേറ്റത്. വലതു കൈപ്പത്തി തകർന്ന ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ഹൗസ് സന്ദർശിക്കാനാണ് സൽമാൻ ഫാരിസ് ഉൾപ്പെട്ട സംഘം മുകളിൽ കയറിയത്. ഇതിനിടയിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി യുവാവ് കയ്യിൽ കരുതിയിരുന്ന ഗുണ്ട പൊട്ടിക്കുകയും അപകടം സംഭവിക്കുകയും ആയിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ നാലുപേർ കസ്റ്റഡിയിലാണ്.
കൊട്ടാരക്കര ഉമ്മന്നൂരിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ബൈജു അമ്മു ദമ്പതികളുടെ മകൻ ദിലിൻ ബൈജു ആണ് മരിച്ചത്. ആൾമറ കെട്ടാത്ത കിണറിൽ വീണായിരുന്നു അപകടം.
അതിരപ്പിള്ളി മലക്കപ്പാറ പാതയിൽ വീണ്ടും വഴി തടഞ്ഞു കബാലി. ഇന്ന് രാവിലെ 9 മണിയോടെയാണ് പത്തടി പാലത്തിൽ വെച്ച് കബാലി വാഹനങ്ങൾ തടഞ്ഞത്. റോഡരികിൽ നിന്നിരുന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനക്കു മുൻപിൽ ചെറു വാഹനങ്ങളും കെഎസ്ആർടിസി ബസുൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. എന്നാൽ ആക്രമണ സ്വഭാവം കാണിക്കാതെ റോഡിൽ നിലയിറപ്പിക്കുകയായിരുന്നു കാട്ടാന.
ഏറെ നേരം റോഡിൽ നിലയുറപ്പിച്ച കബാലി പിന്നീട് വനത്തിലേക്ക് കയറിപ്പോയി. കുറച്ചു നാളുകളായി ആനക്കയം മുതൽ ഷോളയാർ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിൽ സ്ഥിരം സാനിധ്യമാണ് കാട്ടു കൊമ്പൻ കബാലി ഇടക്ക് കാട് കയറുമെങ്കിലും വീണ്ടും തിരിച്ചെത്തുകയും ചെയ്യും.
വഖഫ് നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്തുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. കോടികളുടെ സമ്പത്തുകൾ കൈലൊതുക്കാനുള്ള ഗവൺമെൻ്റ് നീക്കമാണ് ഇല്ലാതായത്. വഖഫിലെ ഏറ്റവും വലിയ കൈയ്യേറ്റക്കാർ സർക്കാരാണ്. പാർലമെൻ്റ് പാസാക്കിയ നിയമത്തിൽ ഇത്രയേറെ കോടതി ഇടപെട്ട മറ്റൊരു സംഭവുമില്ല. കോടതിയുടേത് നീതിപൂർണമായ തീരുമാനമാണ്. കുറുക്കുവഴിയിലൂടെ വഖഫ് സ്വത്ത് സ്വന്തമാക്കാനുള്ള ബിജെപി നീക്കമാണ് ഇല്ലാതായതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വഖഫ് നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ജുഡീഷ്യറിയിലെ വിശ്വാസം വർധിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ മനസിലാക്കിയതിനു ശേഷം പ്രതികരിക്കാം എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ഇടക്കാല സ്റ്റേ ആശ്വാസകരമാണെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. മുസ്ലീം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യമായി. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണെന്നും കോടതി പറഞ്ഞു.
തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയുന്ന നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലിടത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളെ ജീവനക്കാരായി കാണാനാകില്ല. രാഷ്ട്രീയ പാര്‍ട്ടകളെ സംഘടനകളായി മാത്രമേ പരിഗണിക്കാനാവൂ. രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്.
കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക സ്ഥാനത്തേക്ക് ചരിത്ര നിയമനം. ഈഴവ സമുദായാംഗമായ ചേർത്തല സ്വദേശി അനുരാഗ് ജോലിയിൽ പ്രവേശിച്ചു. അനുരാഗിൻ്റെ നിയമനം ഹൈക്കോടതി ഇടപെടലോടെ. കഴക സ്ഥാനം പാരമ്പര്യ അവകാശമെന്ന് വാദിച്ചവർക്ക് കനത്ത തിരിച്ചടി.
കൊല്ലം നിലമേൽ മാറാക്കുഴിയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവനന്തപുരം പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 19 ഓളം കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് പ്രാഥമിക വിവരം.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫാണ് പിടിയിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച സംഘത്തിൽ മജാഫുണ്ടായിരുന്നു.
വി.ഡി. സതീശന് എതിരായ സൈബർ ആക്രമണത്തിൽ ശക്തമായ നടപടിക്ക് കെപിസിസി നേതൃയോഗത്തിൽ നിർദേശം. പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് സൈബർ ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കും. വി.ടി. ബൽറാമിൻ്റെ നേതൃത്വത്തിലാണ് പരിശോധന. സൈബറാക്രമണത്തെ ചിലർ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന് കെ. മുരളീധരൻ യോഗത്തിൽ പറഞ്ഞു. വർക്കിങ് പ്രസിഡൻ്റുമാർ അടക്കം രാഹുൽ വിഷയത്തിലെ പാർട്ടി നിലപാട് പറയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
തിരുവനന്തപുരം വർക്കല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു. സ്കൂൾ വിടുന്നതിന് മുമ്പാണ് സംഭവം. സംഭവ സമയത്ത് വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പിടിഎ പ്രസിഡന്റിന്റെ ആരോപണം.
എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ അക്രമണം. കാക്കനാട് ചിറ്റര സ്വദേശി അജിൻ ലത്തീഫിനെയാണ് ക്രൂരമായി മർദിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ജൂസ് പാർലറിൽ ജൂസ് കുടിക്കാനെത്തിയതായിതായിരുന്നു വിദ്യാർഥി. കാറിൽ എത്തിയ സംഘമാണ് ആക്രമിച്ചത്. കടയിൽ നിന്നും സിഗററ്റ് എടുത്ത് കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ ഇവിടുത്തെ ആളല്ല എന്ന് പറഞ്ഞതോടെ അക്രമിക്കുകയായിരുന്നു. വിദ്യാർഥിയെ കാക്കനാട് സഹകരണ ആശുപത്രി പ്രവേശിപ്പിച്ചു.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ പാലക്കാട് ജില്ലയിൽ അവലോകന യോഗം ചേർന്നു. ഈ മാസം 20ന് മുമ്പായി ബിഎൽഒ മാർ ബിഎൽഎമാർക്ക് ആവശ്യമായ പരിശീലനം നൽകണം.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബിഎൽഎമാരെ ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 2002ലെയും 2025ലെയും വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20നകം താരതമ്യം ചെയ്ത് തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്താനാണ് നിർദേശം. രാജ്യത്തുടനീളം എസ്ഐആർ നടപ്പിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ അവലോകനയോഗമാണ് പാലക്കാട്ട് നടന്നത്.
വഖഫ് ഭേദഗതി ബില്‍ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോടതി നടപടി ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നു.
സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തു പകരുന്നതാണ്. പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തു നിന്ന് ഇനിയും ഉണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.
തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദന വിവാദത്തില്‍ എല്‍ഡിഎഫ് യോഗത്തിൽ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 40 മിനുട്ട് സമയമെടുത്താണ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ബീഡി-ബിഹാർ പരാമർശത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനം ആർജെഡിക്കും കോൺഗ്രസിനും സഹിക്കുന്നില്ലെന്നാണ് വിമർശനം. സമൂഹമാധ്യമങ്ങളിലൂടെ ബിഹാറിനെ കളിയാക്കുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.
അറബ് - ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിന് വിമർശനം. ഇസ്രയേലിൻ്റെ ആക്രമണം വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തർ അമീർ. ഇസ്രയേലിനെതിരെ നടപടി വേണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.
പാലാരിവട്ടം സഹകരണ ബാങ്കിന് സമീപത്തു നിന്നും 25 ഗ്രാം എംഡിഎംഎ പിടികൂടി. വെണ്ണല സ്വദേശി മനുവിൽ നിന്നാണ് രാസലഹരി പിടികൂടിയത്. ബെംഗളൂരുവില്‍നിന്നും നേരിട്ട് രാസ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണിയാണ് പ്രതി
തൃക്കാക്കരയിൽ ഫാൻസി നമ്പർ ലേലത്തിൽ പുതിയ ആഢംബര കാറിന് 3.20 ലക്ഷം രൂപ ചെലവഴിച്ച് നടനും സിനിമ നിർമാതാവുമായ ആന്റണി പെരുമ്പാവൂർ. തന്റെ പുതിയ കാറിന് കെ.എൽ 7 ഡി.എച്ച് 2255 എന്ന നമ്പർ ലഭിക്കുന്നതിനായാണ് അദ്ദേഹം 3,20,000 രൂപ ചെലവഴിച്ചത്. മത്സര ലേലത്തിൽ 4 പേർ പങ്കെടുത്തു. ജോയിൻ്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിലായിരുന്നു വാഹന ലേലം.
കോഴിക്കോട് ആർജെഡി പ്രവർത്തകന് വെട്ടേറ്റു. വടകര വില്യാപ്പള്ളി ടൗണിൽ വച്ചാണ് വെട്ടേറ്റത്. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്.
ലാലു എന്ന ശ്യാം ലാലാണ് ആക്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.
വടകരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ മർദനം. മുഖത്തും കഴുത്തിലും ഉൾപ്പടെ പരിക്കേറ്റ പതിനാറുകാരൻ വടകര ഗവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാർത്തികപ്പള്ളി സ്വദേശിയായ മടപ്പള്ളി ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്
പുൽപ്പള്ളിയിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
മരണകാരണത്തില്‍ ഡോക്ടര്‍ സംശയം പറഞ്ഞതോടെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റം സമ്മതിച്ചു. സ്ഥിരം മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കി തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് ഭവാനിയുടെ മൊഴി.
ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ പടക്ക വിപണിയുടെ മറവിൽ ലഹരി വിൽപ്പന. ആറ് യുവാക്കൾ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഒറ്റപ്പാലം പൊലീസിന്റെയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
അനുമതിയില്ലാതെ ഇരുപതോളം പെട്ടികളിലായി സൂക്ഷിച്ച പടക്ക ശേഖരമാണ് പിടികൂടിയത്. 600 ഗ്രാം കഞ്ചാവും, 49 ഗ്രാം മെത്താഫിറ്റാമിനും ആണ് പിടികൂടിയത്.
വഖഫ് ഭേദഗതി നിയമത്തിലെ തികച്ചും ഭരണഘടനാവിരുദ്ധമായ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാറിനുള്ള കനത്ത തിരിച്ചടിയാണെന്ന് വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 'വഖഫ് നിയമ ദേദഗതി കടുത്ത അനീതിയാണെന്ന കേരള സര്‍ക്കാരിന്റെ നിലപാട് ഈ വിധിയിലൂടെ സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനുള്ള നീക്കത്തിനുള്ള കനത്ത പ്രഹരമാണ് ഭാഗികമായി സ്റ്റേ ചെയ്തു കൊണ്ടുള്ള വിധി.
വിതുര പൂവാട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വയോധികന്‍ കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. ആര്യനാട് വില്ലേജ് ഓഫീസര്‍ സി പ്രമോദ് ആണ് കാര്‍ ഓടിച്ചത് കാര്‍ ഓടിച്ചത്. പ്രമോദ് വിതുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ പൊലീസ് സ്റ്റേഷന്റെ പരിസരത്ത് കാര്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. അപകടം നടന്നത് ചൊവ്വാഴ്ച രാത്രിയില്‍
ഐഎസ്എൽ നടത്തിപ്പിന് പുതിയ സംഘടകരെ കണ്ടെത്തി AIFF. FSDLന് പകരക്കാരായി എത്തുന്നത് KPMG ഇന്ത്യൻ സർവീസ്. പകരക്കാരെ കണ്ടെത്തിയത് മൂന്ന് അംഗ കമ്മിറ്റി.
കോഴിക്കോട് ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിപിഐ നേതാവിനെ പുറത്താക്കി 3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിലാണ്. സിപിഐ പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തിരുവമ്പാടി ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി. നൗഷാദിനെയാണ് പാർട്ടി അംഗത്വത്തിൽ സിപിഐ പുറത്താക്കിത്.
മുന്‍ അധ്യക്ഷന്‍ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, 'ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണെന്നും പരിഹാസം. കെപിസിസി യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പരിഹാസം. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ഇതോടെ കൊടിക്കുന്നില്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.
കെഎസ്ആര്‍ടിസിയ്ക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ്. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയാകും ട്രൂപ്പ് രൂപീകരിക്കുക. ട്രൂപ്പില്‍ ചേരാനുള്ള അപേക്ഷകള്‍ ജീവനക്കാരില്‍ നിന്നും ക്ഷണിച്ചു. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.
കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് ഡ്രൈവര്‍ അണ്ടത്തോട് വീട്ടില്‍ ഹനീഫക്കാണ് പരിക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ നിസാറാണ് ആക്രമിച്ചത്. ഇന്ന് രാത്രി ഏഴരയോടെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് രണ്ട് പേര്‍ കൂടി മരിച്ചതായി സ്ഥിരീകരണം. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്.