തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടപ്പാച്ചിലിൻ്റെ തിരക്കിലേക്ക് നാടും നഗരവും എത്തിക്കൊണ്ടിരിക്കുകയാണ്. വിപണികളെല്ലാം സജീവമായി തുടരുകയാണ്. മഴ വെല്ലുവിളിയാകുമോ എന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.
തൃശൂർ കുന്നംകുളത്തെ പൊലീസ് ക്രൂരതയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇന്ന് തൃശൂരിലെത്തി മർദനമേറ്റ സുജിത്തിനെ കാണും.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാട് കടുപ്പിക്കാൻ യുഡിഎഫ്. കെപിസിസിയുടെ ഭവന സന്ദർശന പരിപാടിയിൽ വോട്ടർമാരെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കും. സ്ത്രീ പ്രവേശന സത്യവാങ്മൂലം, നാമജപ ഘോഷയാത്രാ കേസുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിരോധം തീർക്കുമെന്നാണ് യുഡിഎഫ് അറിയിക്കുന്നത്.
ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കവെ ഇന്ത്യക്കുള്ള പിന്തുണ വ്യക്തമാക്കി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. കൊളോണിയൽ കാലഘട്ടം അവസാനിച്ചെന്നും, ഇനി സംസാരിക്കുമ്പോൾ ആ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്നും പുടിൻ പറഞ്ഞു.
പോർച്ചുഗലിൽ ലിസ്ബൺ നഗരത്തിലുണ്ടായ ട്രെയിനപകടത്തിൽ15 പേർ മരിച്ചതായി പ്രാഥമിക വിവരം. 42 പേർക്ക് സഞ്ചരിക്കാവുന്ന ഫ്യൂണിക്കുലാർ ട്രെയിനാണ് അപകടത്തിൽപെട്ടത്. പരിക്കറ്റവർ ആശുപത്രികളിൽ തുടരുകയാണ്. കുത്തനെയുള്ള ചരിവുകളിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനാണ് ഫ്യൂണിക്കുലാർ. അപകടകാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
പ്രധാനമന്ത്രിക്കും അമ്മയ്ക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. പ്രതിഷേധം ശക്തമാക്കാൻ വനിതാ സംഘടനകൾ രംഗത്തെത്തും. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നത്.
നടി ലക്ഷ്മിമേനോൻ പ്രതിയായ തട്ടി കൊണ്ടുപോകൽ കേസിൽ വെളിപ്പെടുത്തലുമായി കൂട്ട് പ്രതി സോനമോൾ. പരാതിക്കാരനായ ഐടി ജീവനക്കാരനെതിരെയാണ് സോന വെളിപ്പെടുത്തൽ നടത്തിയത്.
കാറിൽ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ബിയർകുപ്പികൊണ്ട് ആക്രമിച്ചുവെന്നും, ഇത് കണ്ടപ്പോഴാണ് തൻ്റെ സുഹൃത്തുക്കൾ പ്രതികരിച്ചതെന്ന് സോനമോൾ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറിൽ കയറ്റിയത്. തട്ടി കൊണ്ടുപോകാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
ഇടപ്പള്ളിയിൽ വൻ ലഹരി വേട്ട. 57 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശിയായ അബ്ദുൽ മെഹ്റൂഫിനെ ഡാൻസാഫ് സംഘം ആണ് പിടികൂടിയത്. ഇടപ്പള്ളി സുഭാഷ് ചന്ദ്രബോസ് റോഡിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു ഇയാൾ. ഇയാളെ ചേരാനെല്ലൂർ പൊലീസിന് കൈമാറി.
കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. തേവലക്കര സ്വദേശി പ്രിൻസ്, മക്കളായ അതുൽ,അൽക്ക എന്നിവരാണ് മരിച്ചത്.
മലയാള ചിത്രം 'ലോക' യുടെ വ്യാജ പതിപ്പ് പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' സിനിമ ട്രെയിനിൽ ഇരുന്ന് കാണുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 16586 നമ്പർ SMVT ബെംഗളൂരു-മുർദേശ്വര് എക്സ്പ്രസിലെ യാത്രക്കാരനാണ് 'ലോക' യുടെ വ്യാജ പതിപ്പ് കണ്ടത്. സിനിമ പ്രേമിയായ മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് ഫാരിസ് ദൃശ്യങ്ങൾ പകർത്തിയത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ക്രൂരമർദനത്തിന് ഇരായായ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വർഗീസ് ചൊവ്വന്നൂർ. കുന്നംകുളം സ്റ്റേഷനിൽ ഇപ്പോഴും ഇടിമുറികൾ ഉണ്ട്. സ്റ്റേഷനു മുകളിലെ നിലയിൽ ഒരു സിസിടിവി ക്യാമറ പോലുമില്ല, സ്റ്റേഷനിലെ പഴയ സിഐ ഓഫീസ് വലിയ ഇടിമുറിയാണെന്നും വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.
ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുകയാണ്. ഡൽഹിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളത്തിനടിയിലായി. നദീതീരങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. ഡൽഹി- എൻസിആർ, പഞ്ചാബ് എന്നിവിടങ്ങളിൽ മഴ കനക്കുകയാണ്.
ശബരിമലയെ ലോകോത്തര തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം ഒരുവർഷം മുമ്പ് എടുത്ത തീരുമാനമാണ്. പരിപാടിയിൽ രാഷ്ട്രീയമോ ജാതിയോ മതമോ കലർത്തേണ്ടതില്ല. ചിലർ അത് വിവാദമാക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആലുവ റൂറൽ എസ്‌പി ഓഫീസിലേക്ക് ജാക്കറ്റ് ആവശ്യപെട്ട് ഫോൺ ചെയ്ത സംഭവത്തിൽ നടപടിക്ക് ശുപാർശ. ഫോൺ ചെയ്ത പൊലീസുകാരനും ഫോണെടുത്ത പൊലീസുകാരനും എതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ബിജോയ് ചന്ദ്രനാണ് നടപടിക്ക് ശുപാർശ ചെയ്ത് എസ്‌പിക്ക് റിപ്പോർട്ട് നൽകിയത്. സർവീസ് ചട്ടങ്ങളുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഓണം കഴിയുന്നതോടെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പാലക്കാട് കല്ലേക്കാട് പൊടിപാറയിലെ സുരേഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന സ്ഫോടക വസ്ത്തുക്കളെന്ന് എഫ്ഐആർ.
സ്ഫോടക വസ്തുക്കൾ കൃത്രിമമായി നിർമിക്കാൻ ഉപയോഗിക്കുന്ന നൂലുകൾ, പ്ലാസ്റ്റിക് കവറുകൾ, ടാപ്പുകൾ എന്നിവയും പിടികൂടിയിരുന്നു.
ആസിഡ് കുടിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പറക്കളായി സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷിൻ്റെ മാതാപിതാക്കളും സഹോദരനും ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചുപേരുടെ പരാതിയിലാണ് എഫ്ഐആര്‍ സമർപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു.
അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകളുണ്ടായിരുന്നു. മുറിവുകളില്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പുള്ളത്. രണ്ട് ആഴ്ച വരെ പഴക്കമുള്ള മുറിവുകളും തലയില്‍ പ്ലേറ്റ് വച്ച് അടിച്ച മുറിവുമുണ്ടായിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് മരണം. കേസ് 8 ന് കോടതി പരിഗണിക്കും.
ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പലാമുവില്‍ മാവോയിസ്റ്റുകളുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ത്രിതീയ സമ്മേളന്‍ പ്രസ്തൂതി കമ്മിറ്റി അംഗങ്ങളുമായാണ് പൊലീസ് ഏറ്റുമുട്ടിയത്.
മലപ്പുറം ജില്ലയില്‍ പത്തുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.
ഓണം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻ്റുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും നിർദേശം.
കൊയിലാണ്ടി കോരപ്പുഴയിൽ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിറ്റുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പും വടകര ഭാഗത്തേക്ക് വന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് സംഭവം. പരിക്കേറ്റ വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മർദനത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും നടപടിയെടുത്തേക്കും. തൃശൂർ റേഞ്ച് ഡിഐജി ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് നടപടി.
കോഴിക്കോട് കക്കയം ഡാം സൈറ്റിൽ കടുവയുടെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പ് വാച്ചര്‍മാര്‍. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും വൈദ്യുതി ഉൽപ്പാദദന കേന്ദ്രവുമാണ് കക്കയം. റിസര്‍വോയറിൻ്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാര്‍ മുമ്പും പലതവണ ഈ മേഖലകളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. കടുവസമീപത്തെ വനത്തിലേക്ക് കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുന്നംകുളത്തേത് മനസാക്ഷി മരവിപ്പിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാർ ചെയ്തത്. കസ്റ്റഡിയിലുള്ള പീഡനമാണ് നടന്നത്. അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും, സർവീസിൽ നിന്ന് പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ പത്തു വർഷത്തിനുശേഷം അയ്യപ്പഭക്തിയുമായി ഇറങ്ങിയിരിക്കുകയാണ് എന്ന് വി.ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള അയ്യപ്പഭക്തി എന്താണെന്ന് സാമാന്യ ജനങ്ങൾക്കറിയാം. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. ശബരിമലയിൽ ഇത്രനാൾ വികസന പ്രവർത്തനങ്ങൾ എന്തുകൊണ്ട് നടത്തിയില്ലെന്നും വി.ഡി. സതീശൻ ചോദ്യമുന്നയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് പോകുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ആചാരലംഘനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റൻഡാണ് സംഗമം. സ്ത്രീ പ്രവേശന സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കുന്നംകുളത്തെ പൊലീസ് മർദനത്തെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ എടുത്തത് നടപടി അല്ലെന്നും, അത് തലോടൽ ആണെന്നും മുസ്ലിം ലീഗിൻ്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. പൊലീസുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയ്യപ്പ സംഗമത്തിനോടും വിശ്വാസ സംഗമത്തിനോടും മനസ്സ് തുറക്കാതെ പന്തളം കുടുംബം പ്രതിനിധികൾ. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ല. അതേസമയം, പരിപാടിയിൽ പങ്കെടുക്കുന്നത് മനസ്സാക്ഷി അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് കൊട്ടാരം നിർവാഹക സംഘം പ്രസിഡൻ്റ് ശങ്കർ വർമ പറഞ്ഞു. ഏത് സംഗമത്തിൽ പങ്കെടുക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും ശങ്കർ വർമ വ്യക്തമാക്കി.
ശബരിമലയിൽ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് എത്തിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമലയിൽ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കണം. ശബരിമല പ്രക്ഷോഭത്തിൽ എടുത്ത കേസുകൾ പിൻവലിക്കണം. ഭക്തരായ ആളുകൾക്കുണ്ടായ ക്ഷതം തീർക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്ത്രീ പ്രവേശനത്തിലെ സർക്കാരിൻ്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങളെ അറിയിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
കുന്നംകുളം പൊലീസ് മർദനത്തിന് ഉത്തരവാദി സർക്കാർ ആണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. കേസിലെ പ്രതികൾ പൊലീസ് സേനയിൽ അംഗങ്ങളായിരിക്കാൻ യോഗ്യരല്ലെന്നും ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സുജിത്തിനെ മർദിച്ച പോലീസുകാരെ സേനയിൽ തുടരാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി. എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. കുന്നംകുളത്തെ പൊലീസിൻ്റെ കാട്ടാളത്തം പുറത്തുവന്നത് നാടിനെയും ജനങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രിമിനല്‍ വാഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധീരൻ പറഞ്ഞു.
നിലമ്പൂർ പൊലീസ് ക്യാംപിൽ പുലി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് പുലിയെത്തിയത്. പുലിയെ കണ്ട പൊലീസുകാരൻ മുകളിലേക്ക് വെടിയുതിർത്തു. ഇതോടെ പുലി തിരിഞ്ഞോടി. പൊലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് സമീപത്ത് മുള്ളൻ പന്നിയെ പുലി കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം ബാലരാമപുരത്ത് സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം. ബാലരാമപുരം വില്ലേജ് ഓഫീസിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ, കൃഷിഭവൻ നഴ്സറിയിൽ നിന്നും 500 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ആയുർവേദ ആശുപത്രിയുടെ ഗേറ്റ് കുത്തി തുറന്നതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്ഐ നുഹ്മാന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കുന്നംകുളത്തിന് സമാന സംഭവം കോഴിക്കോടും നടന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുൽഖിഫിൽ. സ്പോർട്സ് താരം ആദിലിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് പൊലീസ് മർദിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചിലാണ് സംഭവം.
പണം കൊടുത്ത് കേസ് ഇല്ലാതാക്കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു. മേപ്പയൂരിൽ ഹവാല പണമിടപാട് സംഘത്തിന് ഒപ്പമാണ് ആദിലിനെ കസ്റ്റഡിയിലെടുത്തത്. മേപ്പയ്യൂരിലെ ബാങ്കിൽ വരി നിൽക്കുമ്പോഴാണ് ആദിലിനെ പിടികൂടിയത്. എഫ്ഐആർ പോലും പൊലീസ് ഇട്ടില്ലെന്നും ആദിലിന് തലയ്ക്കും ചെവിക്കും പരുക്കേറ്റുവെന്നും ദുൽഖിഫിൽ പറഞ്ഞു. പേരാമ്പ്ര ഡിവൈഎസ്‌പി സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
രാജ്യത്ത് കസ്റ്റഡി മരണങ്ങൾ കൂടുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് വിഷയത്തിൽ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. പൊലീസ് സ്റ്റേഷനിൽ സിസിടിവി നിർബന്ധമാക്കണം. റിപ്പോർട്ട് പ്രകാരം എട്ട് മാസത്തിനുള്ളിൽ ഏകദേശം 11 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിറ്റി മുക്കം ആശുപത്രിയിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്ന് പാല എംഎല്‍എ ചാണ്ടി ഉമ്മന്‍. പൊലീസിൽ പ്രവർത്തിക്കുന്നത് ക്രിമിനൽ സംഘം. സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ വേഗത്തിൽ നടപടിയെടുക്കണം. കോൺഗ്രസ് പ്രവർത്തകന് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ ഗതി എന്താകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
വനിതാ ക്രിക്കറ്റ് ലീഗുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് ലീഗിന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും നടക്കും.
പ്രദർശന മത്സരത്തിൽ കെസിഎ ഏഞ്ചൽസും കെസിഎ ക്വീൻസും ആകും ഏറ്റുമുട്ടുക. വനിതാ ക്രിക്കറ്റർമാർക്ക് പ്രൊഫഷണൽ വേദിയൊരുക്കുകയാണ് ലീഗിന്റെ ലക്ഷ്യം.
പാലക്കാട് പുതുനഗരത്ത് പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് വച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടം.
ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക നിഗമനം.
ഗുരുതര പരിക്കേറ്റ ശരീഫിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു.
പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനെ ഊരില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നുവെന്ന് വിവരം. ഉച്ചയ്ക്കാണ് സംഭവം. സംഭവ ശേഷം ഈശ്വരന്‍ കടന്നു കളഞ്ഞു, പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.
മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തു. 10,000 രൂപ കൈക്കൂലി വാങ്ങിയ ഗോപകുമാറിനെ വിജിലൻസ് പിടികൂടിയിരുന്നു. എസിപി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസുവിന്റെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്ഥാനത്തെ സങ്കീർണമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ ഷെർലി വാസുവിന് സാധിച്ചു.
കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ എന്ന നിലയിൽ ശ്രദ്ധേയയായ അവർ എഴുതിയ പോസ്റ്റ്‌മോർട്ടം ടേബിൾ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മറുപടി നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകി കേരള സർവകലാശാല വിസി. സിൻഡിക്കേറ്റ് യോഗ മിനിറ്റ്സ് വിസി തിരുത്തി എന്ന അംഗങ്ങളുടെ ആരോപണത്തിന് മറുപടി നൽകാനാണ് നിർദേശം. ആരോപണങ്ങൾ വസ്തുതാ വിരുദ്ധം
വി.സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറുടെ ചുമതല നൽകാൻ സിൻഡിക്കേറ്റിന്റെ അനുമതി ആവശ്യമില്ല. ആർ. രശ്മിക്ക് രജിസ്ട്രാർ ചുമതല നൽകിയത് വഴി അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് അംഗീകരിച്ചെന്നുമാണ് വിസിയുടെ മറുപടി.
ഇത് ചൂണ്ടിക്കാണിച്ച് 18 സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി ഒപ്പിട്ടു നൽകിയ സാഹചര്യത്തിലാണ് മോഹനൻ കുന്നുമ്മലിന്റെ നടപടി.
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചു. മൂർഷിതാബാദ് സ്വദേശി മിഥുൻ വിശ്വാസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ആലുവ എക്സൈസ് റേഞ്ച് ഓഫീസും റയിൽവേ പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
പുതുനഗരത്ത് പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നിൽ എസ്‌ഡിപിഐ ആണെന്നും ബിജെപി. അപകടത്തിൽ പരിക്കേറ്റ ശരീഫിനെയടക്കം 12 പേരെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതെന്ന് എസ്‌ഡിപിഐയുടെ വിശദീകരണം
കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് സെമിയിൽ. നിർണായക മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിനാണ് അവർ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 138 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് 17 ഓവറിൽ ലക്ഷ്യം മറികടന്നു.
നടൻ മധുവിന് ഓണാശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര അലേർക്കർ. തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് ഓണാംശകൾ നേർന്നത്. മധുവിന് ഓണക്കോടിയും ഗവർണർ സമ്മാനിച്ചു. ഭാര്യ അനഘ അർലേർക്കർ, ചെറുമകൻ ശ്രീഹരി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു. സിനിമാ ലോകത്തിന് മധു നൽകിയ സമഗ്ര സംഭാവനകൾ മറക്കാനാകാത്തത് ആണെന്നും എല്ലാ തലമുറയ്ക്കും അദ്ദേഹം പ്രചോദനമാണെന്നും ഗവർണർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ഓണ നാളിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ വയോധികയ്ക്ക് ദാരുണാന്ത്യം. കോട്ടയം വൈക്കം ആറാട്ടുപുഴ സ്വദേശിനി ചന്ദ്രിക കൃഷ്ണൻ (69) ആണ് മരിച്ചത്. ഉദയനാപുരം നാനാടം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഈ സമയം മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ചന്ദ്രിക. കാലിന് ഗുരുതരമായി പരിക്കേറ്റ മകൾ സജികയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തൃശൂർ മണ്ണുത്തി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. സുജിത്തിനെ മർദ്ദിച്ച സിപിഎം സജീവൻ നിലവിൽ ജോലി ചെയ്യുന്നത് മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്.
തിരുവനന്തപുരം പേയാട് ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ആരിഫ് മുഹമ്മദ് – സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. രാവിലെ 7.30ന് കുഞ്ഞിന്റെ അസ്വസ്ഥത കണ്ട് മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തു.
കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ഇതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കൊട്ടിയൂർ- പാൽച്ചുരം- ബോയ്സ് ടൗൺ റോഡിലാണ് മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്.
വന്ദേ ഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ. ആലപ്പുഴ വഴി ഉള്ള ട്രെയിനിലാണ് മാറ്റം. 14ൽ നിന്ന് 18 കോച്ചുകളായാണ് വർധിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ അധിക കോച്ചുകൾ ഉണ്ടാകും.
ആഗോള അയ്യപ്പ സംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് എത്തി ക്ഷണിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
മഹാബലിയുടെ നാടായ തൃക്കാക്കര ഓണാഘോഷത്തിലാണ്. തിരുവോണ ദിനത്തിലാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹോത്സവത്തോവം നടക്കുന്നത്. ഉത്രാട ദിനത്തിൽ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തുന്നത്
തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് പിടിയിൽ. കായിക്കര സ്വദേശി അനുവാണ് പൊലീസിൻ്റെ പിടിയിലായത്. ആക്രമണത്തിൽ യുവതിയുടെ കൈപ്പത്തി അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കടക്കാവൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം പുതുവൈപ്പിൽ ടൂറിസ്റ്റ് ബോട്ടിന് തീപിടിച്ചു. അറ്റകുറ്റ പണിക്കായി യാർഡിൽ കയറ്റിയിരുന്ന ബോട്ടിനാണ് തീപിടിച്ചത്. രാത്രി ഒൻപതോടെയാണ് തീ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഫയർ ഫോഴ്‌സിനെ അറിയിച്ചു. വൈപ്പിൻ, ഗാന്ധി നഗർ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയെങ്കിലും ബോട്ട് ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ പരസ്യമാക്കി കെഎസ്‌യു നേതാവ്. ഒപ്പം ഭീഷണിയും മുഴക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഭീഷണി.