ട്രെയിനുകൾ വൈകിയോടുന്നു

ഇന്നത്തെ പ്രധാന വാർത്തകളറിയാം...
ട്രെയിനുകൾ വൈകിയോടുന്നു

ട്രെയിനുകൾ വൈകിയോടുന്നു

മാഹിയിൽ മരം റെയിൽപാളത്തിൽ വീണതിനെ തുടർന്ന് തടസം. മലബാർ എക്സ്‌പ്രസും പുനെ സൂപ്പർ ഫാസ്റ്റും വടകരയിൽ പിടിച്ചിട്ടിരിക്കുകയാണ്. മംഗലാപുരത്തേക്കുള്ള തിരുവനന്തപുരം സെൻട്രൽ, എം.ജി. ആർ ചെന്നൈ സൂപ്പർ ഫാസ്റ്റ്, എന്നിവയും വൈകി ഓടുന്നു. മറ്റു ട്രെയിനുകളും വൈകും.

കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു . ആനയെ പുറത്ത് ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. പുലർച്ചെയോടെ ആന കിണറ്റിൽ വീണ നിലയിൽ സമീപ വാസികളാണ് കണ്ടെത്തിയത്.

വിഴിഞ്ഞം സ്വർണ പണയ കേസ്; സിന്ധു കുമാരിക്കെതിരെ കൂടുതൽ പരാതികൾ

വിഴിഞ്ഞം സ്വർപ്പണയ തിരിമറി കേസിനെ തുടർന്ന് രണ്ടു യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സിന്ധു കുമാരിക്കെതിരെ കൂടുതൽ പേർ രംഗത്ത്. സിന്ധു കുമാരിക്കെതിരെ ഇതുവരെ ലഭിച്ചത് 12 ഓളം പരാതികളാണ്. തട്ടിയെടുത്ത സ്വർണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. 2 യുവതികളിൽ നിന്നായി 70 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ സിന്ധുകുമാരി നിലവിൽ റിമാൻഡിലാണ്.

കൂടുതൽ തെളിവുകൾ പുറത്തു വിടാനൊരുങ്ങി ശ്വേത മേനോൻ

അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ ഒരുങ്ങി ശ്വേത മേനോൻ. നടിമാർ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിൽ ശ്വേത മേനോൻ മാധ്യമങ്ങളെ കണ്ട് വ്യക്തത വരുത്തും. ലക്ഷ്‌മി പ്രിയയ്ക്കും,തൃപ്പുണിത്തുറ വനിത എസ് ഐ രേഷ്മയ്ക്കും എതിരായ കേസിൽ തൻ്റെ പരാതിക്ക് കാരണമായ സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണവുമായി അൻസിബ രംഗത്തെത്തി.

നെയ്യാറ്റിൻകര കൊലപാതകം; പ്രതിയുടെ വാഹനം കത്തിച്ചു

നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതിയുടെ ബൈക്ക് കത്തിച്ച് മരിച്ച യുവാവിൻ്റെ സുഹൃത്തുക്കൾ. ഈ ബൈക്കിലായിരുന്നു മരിച്ച മനുവിൻ്റെ വീടിനു മുന്നിൽ പ്രതികൾ ശബ്ദമുണ്ടാക്കിയത് . കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് ആണിത്. എപ്പോഴാണ് ബൈക്കിന് തീയിട്ടതെന്ന് വ്യക്തമല്ലെന്ന് പൊലീസ് .

ഇറാനെതിരെ ഭീഷണിയുമായി വീണ്ടും ട്രംപ്

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് കരാറിലെത്താൻ ആഗ്രഹിക്കുന്നത്. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സമാധാന കരാറിൻ്റെ ഭാഗമായുള്ള വിട്ടുവീഴ്ചകൾ ഇറാൻ പാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി.

സിൻഡിക്കേറ്റ് യോഗം ഇന്ന്

വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യോഗത്തിൽ, യുഡിഎഫിൻ്റെ പുതിയ ആറ് അംഗങ്ങൾ പങ്കെടുക്കും.

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതിയെ സമീപിച്ചത്. മുഖ്യപ്രതി ജിതിന്‍ ഭാസ്‌കറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയിൽ എസ്ഐടി നിയമോപദേശം തേടി.

എൻ. ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേൽക്കും

വിവാദങ്ങൾക്കിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേൽക്കും. കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനം. രാവിലെ കമ്മീഷൻ ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും.

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി

ഉപനേതൃ പദവിയെ ചൊല്ലി എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. പ്രതിപക്ഷ ഉപനേതൃ പദവി മുന്നണിയിൽ ചർച്ച ചെയ്യണമെന്ന സിപിഐ ആവശ്യത്തെ ഘടകകക്ഷികൾ പിന്തുണച്ചില്ല. സിപിഐഎമ്മും സിപിഐയും തമ്മിൽ മാത്രമൊണ് തർക്കമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

അന്വേഷണം ഇന്ന് പുനഃരാരംഭിക്കും

ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം ഇന്ന് പുനരാരംഭിക്കും. സർക്കാർ തല അന്വേണത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും. വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് അടക്കം മന്ത്രിസഭയിൽ ചർച്ചയാകും.

News Malayalam 24x7
newsmalayalam.com