ശിവഗിരി മഠം സന്ദർശിച്ച് ആരോഗ്യമന്ത്രി

ഇന്നത്തെ പ്രധാന വാർത്തകൾ
ശിവഗിരി മഠം സന്ദർശിച്ച് ആരോഗ്യമന്ത്രി

ശിവഗിരി മഠം സന്ദർശിച്ച് ആരോഗ്യമന്ത്രി

വർക്കല ശിവഗിരി മഠം സന്ദർശിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ മന്ത്രിയെ സ്വീകരിച്ചു. ഗുരുദേവ മഹാസമാധിയിൽ എത്തിയ മന്ത്രി പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയ ശേഷം മഠം ഗസ്റ്റ് ഹൗസിൽ എത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.

വേടൻ്റെ പാട്ട് പ്രതിഷേധത്തിനെതിരെ കേസ്; യാത്രക്കാർക്ക് യാത്രാ തടസം സൃഷ്ടിച്ചെന്ന് പൊലീസ്

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ വേടൻ സംഘടിപ്പിച്ച പാട്ട് പ്രതിഷേധത്തിനെതിരെ കേസ്. വേടൻ, മാനേജർ വിഘ്നേഷ് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെയാണ് എറണാകുളം ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. യാത്രക്കാർക്ക് മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതി.

ശാന്തൻപ്പാറയിൽ ചക്കകൊമ്പൻ്റെ ആക്രമണം; റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപ്പാറ ആനയിറങ്കലിൽ ചക്കകൊമ്പൻ്റെ ആക്രമണം. ആക്രമണത്തിൽ റേഷൻ കട തകർത്തു. വെളുപ്പിന് 5.30 നാണ് കട തകർത്തത്. കട തകർത്ത ശേഷം അരി ഭക്ഷിച്ച ശേഷമാണ് ആന മടങ്ങിയത്. പന്ത്രണ്ടാമത്തെ തവണയാണ് ആന റേഷൻ കട തകർക്കുന്നത്.

ആറളം ഫാമിൽ കാട്ടാന ആക്രമണം; കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണം. 11 ആം ബ്ലോക്കിലെ സനിലിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീടിൻ്റെ മുൻഭാഗത്തെ ഷെഡും സൈക്കിളും തകർത്തു.

കേരള സർവകലാശാലയിലെ ചോദ്യപേപ്പർ പിഴവ്; വീഴ്ച സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് സൂചന

കേരള സർവകലാശാല ചോദ്യപേപ്പറിൽ പിഴവ് സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് സൂചന. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീൻ ആണ്. വിഷയത്തിൽ വി.സി ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടാകുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് കേസെടുക്കും

ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനിലെ പരീക്ഷകളിലും പരിശോധന. റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.

News Malayalam 24x7
newsmalayalam.com