കേവലം കോൺക്രീറ്റ് ഭവനമല്ല വയനാട് പുനരധിവാസമെന്ന് പ്രതിപക്ഷം; കേന്ദ്രം പാതി അടിയന്തര സഹായം പോലും നൽകിയില്ലെന്ന് സർക്കാർ

ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനാണോയെന്ന് വയനാട്ടുകാർ ചോദിക്കുന്നുണ്ട്. കേന്ദ്രം ഇതുവരെ നയാപൈസ നൽകിയിട്ടില്ല
കേവലം കോൺക്രീറ്റ് ഭവനമല്ല വയനാട് പുനരധിവാസമെന്ന് പ്രതിപക്ഷം; കേന്ദ്രം പാതി അടിയന്തര സഹായം പോലും നൽകിയില്ലെന്ന് സർക്കാർ
Published on

കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം നിയമസഭയിൽ ചർച്ചയായി. ടി. സിദ്ദിഖ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്.

തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകുമെന്നും പിന്നീട് മന്ദഗതിയിലാവുമെന്നും ഒടുവിൽ വിസ്മൃതിയിൽ ആവുമെന്നും ടി. സിദ്ദിഖ്‌ എംഎൽഎ വിമർശിച്ചു. കേവലം കോൺക്രീറ്റ് ഭവനമല്ല പുനരധിവാസമെന്നും ടി. സിദ്ദിഖ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓർമിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനാണോയെന്ന് വയനാട്ടുകാർ ചോദിക്കുന്നുണ്ട്. കേന്ദ്രം ഇതുവരെ നയാപൈസ നൽകിയിട്ടില്ല. പാവങ്ങളുടെ കടം സർക്കാർ എഴുതിത്തള്ളണമെന്നും എംഎൽഎ അടിയന്തര പ്രമേയാവതരണത്തിൽ ടി. സിദ്ദിഖ്‌ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ദുരന്തമുഖത്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയതെന്നും ലോകത്തിന് മാതൃകയായ ദുരിതാശ്വാസ പ്രവർത്തനമാണ് നടന്നതെന്നും കെ.കെ. ശൈലജ എംഎൽഎ മറുപടി നൽകി. 224 മരണങ്ങളാണ് വയനാട് ദുരന്തത്തിൻ്റെ ഭാഗമായി സർക്കാരിൻ്റെ കയ്യിലുള്ള കണക്ക്. ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെയാണ് ദുരന്തമുഖത്ത് സർക്കാർ ഇടപെടലും ഏകോപനവും നടത്തിയതെന്നും കെ.കെ. ശൈലജ പ്രശംസിച്ചു.

അതേസമയം, ഉരുൾപൊട്ടലുകൾക്ക് പിന്നാലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ 1200ലേറെ കോടിയുടെ നഷ്ടമുണ്ടായി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചുകുട്ടികളെ താലോലിച്ച് മടങ്ങുക മാത്രമാണ് ഉണ്ടായതെന്നും കെ.കെ. ശൈലജ വിമർശിച്ചു. അടിയന്തര സഹായത്തിൻ്റെ പകുതി പോലും കേന്ദ്ര സർക്കാർ നൽകിയില്ല. സാമ്പത്തിക സഹായം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സഭ ഒറ്റക്കെട്ടായി പ്രതിഷേധമറിയിക്കണമെന്ന് എംഎൽഎ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.

രാവിലെ വയനാട് പുനരധിവാസത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരണാനുമതി നൽകുകയായിരുന്നു. 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ പത്താമത്തെയും ഈ സഭാ സമ്മേളനത്തിലെ നാലാമത്തെയും അടിയന്തര പ്രമേയ ചർച്ചയാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com