'വർധിക്കുന്ന റോഡപകടങ്ങൾക്ക് തടയിടും'; സംയുക്ത ഓപ്പറേഷന്‍ നടത്താനൊരുങ്ങി കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും

അപകട സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധനയ്ക്ക് കൂടുതൽ മുന്‍ഗണന
'വർധിക്കുന്ന റോഡപകടങ്ങൾക്ക് തടയിടും'; സംയുക്ത ഓപ്പറേഷന്‍ നടത്താനൊരുങ്ങി കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും
Published on




റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സംയുക്ത ഓപ്പറേഷന് ഒരുങ്ങി പൊലീസ്-മോട്ടോര്‍ വാഹന വകുപ്പ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തില്‍ ആണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ഗതാഗത പരിശോധന കര്‍ശനമാക്കാൻ യോഗത്തിൽ തീരുമാനമായി. അപകട സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധനയ്ക്ക് കൂടുതൽ മുന്‍ഗണന.


അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍, ഓവര്‍ലോഡ്, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മറ്റ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടക്കുക. കൂടിവരുന്ന റോഡപകടങ്ങളിൽ ബോധവത്കരണ പരിപാടികള്‍ നടത്താൻ തീരുമാനമുണ്ട്. ഹൈവേ പൊലീസ് പട്രോളിംഗ് ശക്തമാക്കും. എഐ ക്യാമറ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശകളും നല്‍കും.

അതേസമയം കേരളത്തിലെ പല അപകടങ്ങളും അശ്രദ്ധമൂലമാണ് ഉണ്ടാകുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ശ്രദ്ധയിൽപ്പെടുത്തി പൊലീസിൻ്റെ സഹായത്തോടെ ബോധവത്കരണം നടത്തുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം കേരളത്തിലെ പല റോഡുകളുടെയും നിർമാണം ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണെന്നും ഗതാഗത മന്ത്രി വിമർശിച്ചു.



ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കേരള പൊലീസിന്റെ കണക്കനുസരിച്ച് 40,821 റോഡ് അപകടങ്ങളാണ് നടന്നത്. ഇതില്‍ 3,168 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 45,657 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം 4,080 പേരാണ് റോഡ് അപകടങ്ങളില്‍ മാത്രം കേരളത്തില്‍ മരിച്ചത്. 48,091 അപകടങ്ങളുണ്ടായി. 2016 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായത് 2023 ലായിരുന്നു. 54,320 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

ഡ്രൈവറുടെ പിഴവ് മൂലമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. 4,080 മരണങ്ങളില്‍ 2,292 ഉം ഡ്രൈവറുടെ പിഴവ് മൂലമുള്ള മരണങ്ങളാണ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവറുടെ പിഴവ് മൂലം 512 പേര്‍ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ 221 അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള റോഡ് അപകടങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് കേരള പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ വാഹനാപകടങ്ങളുടേയും മരണങ്ങളുടേയും എണ്ണമെടുത്താല്‍ കണക്കുകള്‍ ഇനിയും കുതിച്ചുയരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com