'സൂപ്പർ ഡിജിപി'യുടെ സ്ഥാനചലനം മാറ്റുന്ന കേരള പൊലീസ് സമവാക്യങ്ങള്‍

മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ അടുപ്പക്കാരനുമായിരുന്നു എം.ആർ. അജിത് കുമാർ
'സൂപ്പർ ഡിജിപി'യുടെ സ്ഥാനചലനം മാറ്റുന്ന കേരള പൊലീസ് സമവാക്യങ്ങള്‍
Published on

എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ സ്ഥാന ചലനത്തോടെ പൊലീസ് തലപ്പത്തെ സമവാക്യങ്ങൾ മാറും. അപ്രസക്തനാണെന്ന ആക്ഷേപത്തെ തള്ളി, കരുത്ത് തെളിയിച്ച ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബാകും ഇനി സേനയിലെ ശക്തൻ. മനോജ് എബ്രഹാമിന് പകരക്കാരനായി ഇൻ്റലിജൻസിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ എത്തുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ അടുപ്പക്കാരനുമായിരുന്നു എം.ആർ. അജിത് കുമാർ. സംസ്ഥാന പൊലീസ് മേധാവിയെ പോലും മറികടന്ന് 'സൂപ്പർ' ഡിജിപിയായിരുന്ന എം.ആർ. അജിത് കുമാറിന്‍റെ വീഴ്ച, പൊലീസ് തലപ്പത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. തനിക്ക് മുകളിൽ വളർന്ന അജിത് കുമാറിനെ വെട്ടിവീഴ്ത്തിയ ഷെയ്ഖ് ദർവേഷ് സാഹിബ് നൽകുന്നത് കൃത്യമായ സന്ദേശമാണ്. പ്രത്യേകിച്ച് ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി മനോജ് എബ്രഹാം എത്തുമ്പോൾ. തൻ്റെ മുൻഗാമിയായിരുന്ന അനിൽകാന്തിനെ മുന്നിൽ നിർത്തി പൊലീസ് ഭരണം നിയന്ത്രിച്ചയാളാണ് അന്ന് പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന മനോജ് എബ്രഹാം. സുപ്രധാന പോസ്റ്റിലേക്ക് മനോജ് എബ്രഹാം എത്തുമ്പോൾ അദ്ദേഹത്തിൻ്റെ ഗ്രൂപ്പും സജീവമാകും. എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറിയുമായി മനോജ് എബ്രഹാമിന് അത്ര അടുപ്പമില്ലെന്ന വിലയിരുത്തലുണ്ട്.

Also Read: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം; ഗുരുതര പരാമർശങ്ങളുമായി ഡിജിപി റിപ്പോർട്ട്

അജിത് കുമാർ - പി. ശശി കൂട്ടുക്കെട്ടിൽ അസ്വസ്ഥരും അജിത് കുമാറിന്‍റെ വീഴ്ച ആഗ്രഹിച്ചവരുമാണ് സേനയിലെ വലിയൊരു വിഭാഗം. അതിനാൽ തല്‍ക്കാലം ഷേയ്ഖ് ദർവേഷ് സാഹിബിനൊപ്പം നിൽക്കാം എന്ന നിലപാടായിരിക്കും എല്ലാവരും സ്വീകരിക്കുക. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിൽ വന്നതോടെ സംസ്ഥാനത്തെ ഇന്‍റലിജൻസ് മേധാവിയായി ആരെത്തുമെന്ന ചോദ്യവും പ്രസക്തമാണ്. അടിത്തട്ടിൽ ബന്ധമുള്ള മലയാളി വേണമെന്ന മുഖ്യമന്ത്രിയുടെ താൽപ്പര്യം മാത്രം പരിഗണിച്ചാൽ എസ്. ശ്രീജിത്തിനാകും നറുക്ക് വീഴുക. അല്ലെങ്കിൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ആ പദവിയിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com