
രഞ്ജി ട്രോഫിയിലെ കേരളം-ഗുജറാത്ത് സെമി ഫൈനല്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ത്രില്ലര്‍ ആയിരുന്നു. കേരളം അനായാസം ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച് തുടങ്ങിയ മത്സരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഗുജറാത്തിന് അനുകൂലമായി. അവസാന ദിവസത്തിലേക്ക് അടുക്കുമ്പോള്‍ അതിന്റെ സ്വഭാവം പിന്നെയും മാറി. ജയം ആര്‍ക്കൊപ്പമായിരിക്കും എന്ന് പ്രവചിക്കാനാവാത്തവിധം സങ്കീര്‍ണമായിരുന്നു അഞ്ചാം ദിനം. ഗുജറാത്തിന്റെ പോരാട്ടം അവസാന വിക്കറ്റിലേക്കെത്തിയപ്പോള്‍, ലീഡിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരുന്നു. ഓരോ റണ്ണും നിര്‍ണായകമായ മത്സരത്തില്‍, പാഴായിപ്പോകുന്ന ക്യാച്ചുകള്‍ നിരാശയുടെ ആഴം കൂട്ടി. എല്ലാത്തിനുമൊടുവില്‍ അതിനാടകീയമായൊരു ക്യാച്ചിലാണ് ഗുജറാത്തിന്റെ അവസാന വിക്കറ്റ് വീണത്. ആ ക്യാച്ച് വന്നതാകട്ടെ ഒരു ഹെല്‍മറ്റ് വഴിയും.
175-ാം ഓവറില്‍ ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ നാഗസ്വാല അടിച്ച പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയര്‍ന്നു പൊങ്ങി. ഫസ്റ്റ് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബി പന്ത് കൈയിലൊതുക്കി. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെയാണ് കേരളം രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഫൈനല്‍ ഉറപ്പാക്കിയത്. അങ്ങനെ രഞ്ജിയില്‍ കേരളത്തിന്റെ ചരിത്രനേട്ടത്തിന് നിമിത്തമായ ആ ഹെല്‍മറ്റാണ് കേരള പൊലീസും, കേരള ട്രാഫിക് പൊലീസും കടം കൊണ്ടിരിക്കുന്നത്.
ഫീല്‍ഡിലായാലും, റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം. കളിയും ജീവനും സേവ് ചെയ്യും എന്ന തലക്കെട്ടിലാണ് കേരള പൊലീസ് സാമുഹ്യ മാധ്യമ അക്കൗണ്ടുകളില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാഗസ്വാല അടിച്ച പന്ത് സൽമാന്റെ ഹെൽമറ്റിൽ തട്ടി ഉയര്‍ന്നു പൊങ്ങുന്നതും സച്ചിനത് കൈയിലൊതുക്കുന്നതും, കേരളം ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേരള പൊലീസ് വീഡിയോ ചെയ്തിരിക്കുന്നത്.