
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദീഖിനെ കണ്ടെത്താനാതെ കേരളാ പൊലീസ്. സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ട് 24 മണിക്കൂർ പിന്നീടുമ്പോഴും അന്വേഷണ സംഘത്തിന് സിദ്ദീഖിനെ പറ്റിയുള്ള ഒരു തുമ്പും കണ്ടെത്താനായില്ല. ഇപ്പോഴും കാണാമറയത്ത് തുടരുന്ന സിദ്ദീഖിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് കേസ് അന്വേഷണത്തിൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞിരുന്നു. അതിനിടെ സിദ്ദീഖ് കീഴടങ്ങുമെന്ന് അഭ്യൂഹവും ഉയർന്നിരുന്നു. സിദ്ദീഖിൻ്റെ ബന്ധുക്കളുടെ വീടുകളിലും പോകാനിടയിലുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
സിദ്ദീഖ് കൊച്ചിയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. സിദ്ദീഖിനെ പോലെ ഒരാളെ കൊച്ചി നഗരത്തിൽ നിന്ന് കണ്ടെത്താൻ കഴിയാത്തവിധം ദുർബലമാണോ പൊലീസ് സംവിധാനം എന്ന ചോദ്യവും ഉയരുന്നുണ്ട്. ബലാത്സംഗ കുറ്റത്തിന് പുറമേ കൃത്യത്തിന് ശേഷം ഇരയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയെന്ന കേസും നിലനിൽക്കുന്നുണ്ട്. IPC 376, 506 വകുപ്പുകൾ പ്രകാരമാണ് സിദ്ദീഖിനെതിരെ കേസ് എടുത്തിട്ടുള്ളത്.
പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് കോടതി പറഞ്ഞതാണ്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്. സിദ്ദീഖിനായി വ്യാപക തെരച്ചൽ നടത്തുന്നുണ്ടെന്നാണ് പൊലീസിൻ്റെ വാദം. പ്രതിയുടെ കാക്കനാട് പടമുകളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും പൊലീസ് പരശോധന നടത്താനെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
ആലുവയിലെ വീട്ടിൽ തിങ്കളാഴ്ച വരെ സിദ്ദിഖിൻ്റെ കാർ ഉണ്ടായിരുന്നുവെന്ന് പരിസരവാസികൾ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് കാറും കാണാതായി. സിദ്ദീഖ് എത്താൻ സാധ്യതയുള്ള കാക്കനാട്ടേയും കൊച്ചിയിലേയും ഹോട്ടലുകൾ പൊലീസ് നിരീക്ഷണത്തിലാണ്. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ പ്രതിയുടെ മൊബൈൽ ഫോൺ ഓഫായിരുന്നു. പാലാരിവട്ടത്ത് നിന്നാണ് അവസാനമായി ലോക്കേഷൻ കാണിക്കുന്നത്. എന്നാൽ ഇന്ന് രാവിലെ പത്തരയോടെ ഫോൺ ഓണായി എന്ന വിവരം ലഭിച്ചിരുന്നു. എന്നിട്ടും കൊച്ചി നഗരം അരിച്ചുപെറുക്കുകയാണെന്ന വാദത്തിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്. സിദ്ദീഖിന് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാൻ പൊലീസ് സാവകാശമൊരുക്കുകയാണോ എന്ന തരത്തിലുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്.
സിദ്ദീഖിനെതിരായ പരാതിയിൽ തെളിവെടുപ്പും രഹസ്യമൊഴി രേഖപ്പെടുത്തലും നേരത്തേ പൂർത്തിയായതാണ്. സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തീരുമാനിച്ചതാണ്. പക്ഷേ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നത് വരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. പക്ഷേ ഇത്തരം വലിയ കേസുകളിൽ ജാമ്യഹർജി പരിഗണിക്കുന്ന സമയത്ത് പ്രതിയെ നിരീക്ഷണത്തിൽ നിർത്തുകയാണ് പതിവ്. പ്രതിയുടെ വീടുകളും വാഹനങ്ങളും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും യാത്രയും സ്പെഷ്യൽ ബ്രാഞ്ചിൻ്റെ നിരീക്ഷണത്തിലായിരിക്കും. എന്നാൽ പൊലീസിന് ഇതിൽ വീഴ്ച സംഭവിച്ചു. പ്രതി സിദ്ദീഖ് ഒളിവിൽ പോകാതിരിക്കാൻ ഒരു മുൻകരുതലും സ്പെഷ്യൽ ബ്രാഞ്ച് നടപ്പിലാക്കിയില്ലെന്നാണ് പ്രതി അറസ്റ്റ് ചെയ്യാൻ പറ്റാത്തതിൽ നിന്നും വ്യക്തമാകുന്നത്.
ALSO READ: ബലാത്സംഗ കേസ്: സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ നിർദേശം, ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയെന്ന് സൂചന
ഇക്കഴിഞ്ഞയാഴ്ച ശബരിമലയിലെ കാണിക്കവഞ്ചി തുറന്ന കേസിലെ പ്രതിയെ ഫോൺ ലൊക്കേഷനടക്കം കാര്യമായ തുമ്പൊന്നും ഇല്ലാതിരുന്നിട്ടും തമിഴ്‌നാട്ടിലെ തെങ്കാശിയിൽ പോയി കയ്യോടെ പൊക്കിയവരാണ് കേരളാ പൊലീസ്. സിദ്ദീഖിനെ കണ്ടെത്തുക എന്നത് കേരളാ പൊലീസിനെ സംബന്ധിച്ച് അത്ര വലിയ ദൗത്യമായി കാണാൻ സാധിക്കില്ല. എന്നിട്ടും നഗരം അരിച്ചുപെറുക്കുന്നു എന്ന് പറയുമ്പോഴും എതാനം സിസിടിവികളും ഫോൺ ലൊക്കേഷനും മാത്രം പരിശോധിക്കുമ്പോഴും കൂടുതൽ സംശയങ്ങൾക്ക് കാരണമാകുകയാണ്.
ആരോപണം ഉയർന്നത് മുതൽ പരാതിക്കാരിയെ സ്വഭാവദൂഷ്യം ഉള്ളയാളാക്കി ചിത്രീകരിക്കാനാണ് സിദ്ദീഖ് ശ്രമിച്ചത്. താൻ ആക്രമിക്കപ്പെട്ടു എന്ന് യുവതി പറഞ്ഞ ദിവസം തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ ഇരുവരും ഉണ്ടായിരുന്നു. ഹോട്ടൽ റൂം ബില്ല്, കഴിച്ച ഭക്ഷണത്തിൻ്റെ ബില്ല്, മൊഴിയെ സാധൂകരിക്കുന്ന സാക്ഷിമൊഴികൾ ഒക്കെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മുകുൾ റോത്തഗി അടക്കം ഉന്നത സുപ്രീം കോടതി അഭിഭാഷകരെ സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സമീപിച്ചതായാണ് വിവരം.
ഇന്നോ നാളെയോ സിദ്ദിഖ് ജാമ്യഹർജി നൽകിയേക്കും. തൻ്റെ ഭാഗം കേട്ടതിന് ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന തടസഹർജി അതിജീവിത ഇതിനകം നൽകിക്കഴിഞ്ഞു. സംസ്ഥാന സർക്കാരും ഇതേ ആവശ്യം തടസ്സഹർജിയായി സുപ്രീം കോടതിയിൽ ഉന്നയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മൂന്ന് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിർണായക സാന്നിദ്ധ്യമായിരുന്നയാളാണ് പ്രതി. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ അയാൾ കടന്നുപോകുന്നതിനാൽ തൻ്റെ എല്ലാ ഉന്നത ബന്ധങ്ങളും ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള സമയമാണിത്. സിദ്ദീഖിനെപ്പോലെ പ്രശസ്തനായ ഒരാൾ ഈ സാഹചര്യത്തിൽ ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യത കുറവാണെന്നാണ് നിരീക്ഷണം.
സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രതിയെ പിടികൂടി ചോദ്യം ചെയ്യേണ്ടത് കേസിൻ്റെ മുന്നോട്ടുപോക്കിൽ നിർണായകമാണ്. കേസിലെ പ്രധാനപ്പെട്ട ഇലക്ട്രോണിക് തെളിവായ ഫേസ്ബുക്ക് അക്കൗണ്ട് സിദ്ദീഖ് ഇതിനകം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. സിദ്ദീഖ് ഒളിവിൽ കഴിയുന്ന ഓരോ മിനുട്ടും കേസ് ദുർബലമാകാനുള്ള സാധ്യത കൂടി വരികയാണ്. അതിന് സഹായിക്കുന്ന ഒളിച്ചുകളിയാണ് കേരളാ പൊലീസ് നടത്തുന്നതെങ്കിൽ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമായ പ്രവർത്തിയായി ഇതിനെ കണക്കാക്കേണ്ടി വരും.