
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. 11 ജില്ലകളിൽ അതിതീവ്രമഴ സാധ്യതയെ തുടർന്ന് റെഡ് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ മെയ് 29 വരെ കടലിൽ പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന നിർദേശം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 25 മുതല്‍ മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനം വിലക്കിയത്.
അതിതീവ്രമഴയെ തുടർന്ന് സംസ്ഥാനത്ത് പത്ത് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (മെയ് 26, തിങ്കളാഴ്ച) അവധിയാണ്. എറണാകുളം, തൃശൂർ, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.