
സംസ്ഥാനത്ത് പടർന്നു പിടിച്ച് പനി. മെയ് മാസത്തിൽ മാത്രം 1,48964 പേർ ചികിത്സ തേടി. ഈ വർഷം മാത്രം പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 47 പേർ. കാലവർഷം എത്തുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളിൽ ജാഗ്രതാനിർദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശ രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും മറ്റുകാലങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് തീവ്രത വർധിക്കാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനം തന്നെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
കടുത്ത ചൂടിൽ നിന്നും പെട്ടെന്ന് അന്തരീക്ഷം തണുക്കുന്നത് ശരീരത്തിന് അത്രയെളുപ്പം പൊരുത്തപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതും. കൊതുക് ഉൾപ്പെടെയുള്ള രോഗകാരികൾ കൂടുതലായി പെറ്റുപെരുകുന്നതും പ്രതിസന്ധിയാണ്.
പ്രതിരോധ മാർഗങ്ങൾ:
കൊതുക് നിയന്ത്രണത്തിന് പ്രാധാന്യം നൽകുക.
വെള്ളക്കെട്ടുകൾ ഇല്ലാതാക്കുക.
കൊതുക് മുട്ടയിടാനുള്ള സാഹചര്യം ഒഴിവാക്കുക.
മൊസ്‌കിറ്റോ നെറ്റുകൾ ഉപയോഗിക്കുക.
തിളപ്പിച്ച വെള്ളം കുടിക്കുക, ശുദ്ധമായ ഭക്ഷണം മാത്രം ഉപയോഗിക്കുക.
വ്യക്തിഗത ശുചിത്വം പാലിക്കുക.
രോഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഉടൻ ഡോക്‌ടറെ സമീപിക്കുക.