
വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തിലെ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണുമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി കെ.വി.തോമസ് വ്യക്തമാക്കി.
കേന്ദ്രത്തിൽ നിന്ന് വയനാടിന് അനുകൂലമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാകുമെന്ന് നിർമല സീതാരാമൻ ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്തത്തെ സംബന്ധിച്ച കൃത്യമായ രേഖകൾ കേരളം കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിൻ്റെ സംഘവും, പ്രധാനമന്ത്രിയുമെത്തി പരിശോധന നടത്തുകയും ചെയ്തു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെന്നും കെ.വി. തോമസ് വ്യക്തമാക്കി.
കേരളം വിഷയത്തിൽ സമയബന്ധിതമായി പ്രപ്പോസലുകൾ നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇത് പരിശോധിക്കാൻ വൈകുന്നു. കേരളത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും അനുകൂല നടപടിയുണ്ടാവുമെന്നുമാണ് പ്രതീക്ഷയെന്നും തോമസ് പറഞ്ഞു.