
അർഹതയില്ലാത്തവർക്ക് സ്ക്രൈബ് പരീക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അർഹതയില്ലാത്തവർക്ക് ആനുകൂല്യം നൽകുന്നതിലൂടെ ആ കുട്ടികൾക്ക് തന്നെ ദോഷമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അർഹതയില്ലാത്തവർക്ക് സ്ക്രൈബ് പരീക്ഷാ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അത് സാക്ഷ്യപ്പെടുത്തുന്നവർക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ട്.
സർട്ടിഫിക്കറ്റ് നൽകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനെ വകുപ്പ് ഗൗരവതരമായി കാണുന്നു. കഴിഞ്ഞ 4 വർഷമായി ഇങ്ങനെ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. അർഹരല്ലാത്ത കുട്ടികൾക്ക് പരീക്ഷാസഹായിയെ വെക്കുന്ന പ്രവണത വർധിക്കുന്നത് പരിശോധിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
അതേസമയം ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 4,28,953 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. പൊതു പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയെന്ന് മന്ത്രി പറഞ്ഞു.
ഉത്തരക്കടലാസുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ 21 വരെ മോഡൽ പരീക്ഷ നടത്തും. മാർച്ച് 3 മുതൽ 26 വരെയാണ് പൊതുപരീക്ഷ. എല്ലാ ദിവസവും ഒമ്പതരയ്ക്കാണ് പരീക്ഷ ആരംഭിക്കുക. 72 ക്യാമ്പുകളിലായി ഏപ്രിൽ 8 മുതൽ 28 വരെയാണ് മൂല്യ നിർണയം. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും മാർച്ച് 3 മുതൽ 26 വരെ ഉച്ചയ്ക്ക് ശേഷം നടക്കും.ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 ന് തുടങ്ങി 29-നാണ് അവസാനിക്കുക. എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്കെന്ന നിബന്ധന ഈ വർഷം മുതൽ നടപ്പാക്കും. തുടർന്നുള്ള വർഷങ്ങളിൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് വരുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി അവസാനമാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.