Kerala Budget 2025 | സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, നഗരവികസനത്തിന് പ്രത്യേക പദ്ധതികള്‍

അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം
Kerala Budget 2025 | സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, നഗരവികസനത്തിന് പ്രത്യേക പദ്ധതികള്‍
Published on



പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ അര്‍ധ അതിവേഗ റെയില്‍ ഇടനാഴിയില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് സൂചിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റ് അവതരണത്തില്‍ സംസ്ഥാനത്തിന് അതിവേഗ പാത ആവശ്യമാണെന്ന് ഒറ്റവരിയില്‍ പറഞ്ഞ ധനമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നില്ല. അതേസമയം, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സര്‍വീസ്, കപ്പല്‍ നിര്‍മാണശാല ഉള്‍പ്പെടെ നഗരവികസനത്തിന് പ്രത്യേക പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. 2031ല്‍ കേരളത്തിന്റെ ജനസംഖ്യയില്‍ 70 ശതമാനവും നഗരവാസികളായിരിക്കും. നഗരവത്കരണത്തിന്റെ വേഗത ഇനിയും വര്‍ധിക്കും. കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയാല്‍, നഗവരവത്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിച്ച് മുന്നോട്ടുപോകാനാകും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിച്ചത്. വിശദമായ ചര്‍ച്ചകളിലൂടെ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ കമ്മിറ്റികൾ രൂപീകരിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ വര്‍ഷം തന്നെ ആരംഭിക്കും. തെക്കന്‍ കേരളത്തിന് ഗുണകരമാകുന്ന കപ്പല്‍ നിര്‍മാണശാല ആരംഭിക്കാനും പദ്ധതിയുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തം നിര്‍വഹിക്കും. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തീരദേശപാത പൂര്‍ത്തിയാക്കും. അതിനായി ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജല ഗതാഗതത്തിന് 500 കോടിയും വകയിരുത്തും. ആറു വരി ദേശീയപാത നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനയുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളതെന്നും ബാലഗോപാല്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com