കൗമാര പ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കലോത്സവം ഹൈടെക്ക് ആക്കാൻ മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ മുഴുവൻ പ്രക്രിയകളും ഓൺലൈനാക്കി.
കൗമാര പ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Published on

സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങാൻ ഒരുദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കൗമാര പ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം തയ്യാറെടുത്ത് കഴിഞ്ഞു.
കുറ്റമറ്റ രീതിയിൽ കലോത്സവം പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. 63–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയാണ് തിരുവനന്തപുരത്ത് നടക്കുക.


പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 25 വേദികളുടെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. വേദിയിലും അനുബന്ധ ഇടങ്ങളിലും സൗകര്യങ്ങൾ ഒരുക്കുന്നതും തുടരുന്നു.
നാളെ വൈകിട്ടോടെ എല്ലാ ഇടങ്ങളിലും പൂർണമായി സജ്ജമാകും. ഒരുക്കങ്ങൾ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും നേരിട്ട് വിലയിരുത്തുന്നുണ്ട്.

കലോത്സവം ഹൈടെക്ക് ആക്കാൻ മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ മുഴുവൻ പ്രക്രിയകളും ഓൺലൈനാക്കി. വേദികളിലും ഓഫീസുകളിലും വേഗത്തിൽ എത്താൻ ഡിജിറ്റൽ മാപ്പും മൊബൈൽ ആപ്പിൽ ഉണ്ടാകും. അതേസമയം കലോത്സവത്തിന്റെ സ്വർണ കപ്പ് നാളെ തലസ്ഥാനത്ത് എത്തും. കലാകിരീടത്തിന് ജില്ലാ അതിർത്തിയായ തട്ടത്തുമല മുതൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

കലോത്സവത്തിൽ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് 101, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി ആകെ 249 മത്സരങ്ങളാണുളളത്. സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദി. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തിരഞ്ഞെടുത്തിട്ടുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com