
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ് ഒരോ തവണയും നാടകമത്സരത്തിനായുള്ള കർട്ടന്‍ പൊങ്ങിയത്. ഓരോ നാടകവും ഒന്നിനൊന്ന് മികവ് പുലർത്തിയപ്പോൾ പങ്കെടുത്ത 18 ടീമുകളില്‍ 13 പേർക്ക് എ ഗ്രേഡും രണ്ട് ടീമിന് ബി ഗ്രേഡും ഒരു സംഘത്തിന് സി ഗ്രേഡും ലഭിച്ചു. മത്സരവിധിയ്ക്കപ്പുറം അവരുടെ നാടകങ്ങള്‍ ദേശത്തേയും മനുഷ്യനേയും അടയാളപ്പെടുത്തി.
മലയാള നാടക വേദിയുടെ പുതിയ പരീക്ഷണങ്ങൾ കൂടിയാണ് സഹൃദയർക്ക് മുന്നിൽ കുട്ടിനാടക സംഘങ്ങൾ അവതരിപ്പിച്ചത്. തോപ്പിൽ ഭാസി, ജി. ശങ്കരപ്പിള്ള, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ തുടങ്ങിയ പ്രതിഭകൾ വഴിതെളിച്ച് വന്ന ഒരു മലയാള നാടകം - അവർ വെട്ടിയ വഴിയിൽ. പോരാട്ടത്തിന്‍റെയും കാടിന്‍റെയും ആനപ്പേടിയുടെയും കഥ പറയുന്ന ഫൈറ്റർ. പരാജയപ്പെട്ട് വീഴുമ്പോഴും കീഴടങ്ങില്ല എന്ന സന്ദേശം നൽകുന്ന ആ നാടകം കണ്ണീര് തുടച്ചുകൊണ്ടാണ് പലരും കണ്ട് നിന്നത്. അവിടെയും തീരുന്നില്ല തെയ്യത്തിലൂടെ സ്ത്രീകളുടെ അതിജീവന കഥ പറഞ്ഞാണ് കാണി എത്തിയത് . കാണിക്ക് പിന്നാലെ പാലക്കാട് നിന്ന് ഒരു ജീപ്പുമായി കയം വന്നു. ആദിവാസി സമൂഹത്തിന്റെ പ്രണയവും പകയും വരച്ചിടുന്ന നാടകമായിരുന്നു കയം. അയ്യങ്കാളിയെ കുറിച്ച് അറിയാത്ത മനുഷ്യർക്ക് വേണ്ടിയാണ് ഈ നാടകം എന്ന് അണിയറ പ്രവർത്തകർ അഭിമാനത്തോടെ പറഞ്ഞു.
അവിടെയും തീർന്നില്ല. വലിയവർ മറന്ന പലരേയും കുട്ടികള്‍ വേദികളിലേക്ക് എത്തിച്ചു. മാലിന്യ കുഴിയിൽ വീണ് മരിച്ച ജോയ് മുതൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സമകാലീന സംഭവങ്ങളും അടക്കം അവർ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തി. ഇവയെ കുട്ടി നാടകങ്ങളായി വിധിയെഴുതാൻ സാധിക്കില്ല. നമ്മുടെ നാടിനകം കാണുന്നവരാണ് കുട്ടികളെന്ന് ഈ നാടകങ്ങൾ ഓർമപ്പെടുത്തുന്നു.