രാവന്തിയോളം പണിയെടുത്ത് ഒരമ്മ ഉരുക്കി ചേർത്ത ചിലങ്ക...

സച്ചു അണിയുന്ന ചിലങ്കയ്ക്ക് വലിയൊരു അധ്വാനത്തിന്റെ കഥ പറയാനുണ്ട്. മകന്റെ ആ​ഗ്രഹങ്ങൾ പൂർത്തീകരിക്കാൻ രാവന്തിയോളം പണിയെടുക്കുന്ന ഒരു അമ്മയുടെ കഥ.
സച്ചു സതീഷും അമ്മ എം.കെ. ബിന്ദുവും
സച്ചു സതീഷും അമ്മ എം.കെ. ബിന്ദുവും
Published on

63-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കാസർഗോഡ് നിന്ന് മൂന്നിനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്ന ഒരു കലാകാരനുണ്ട്.- സച്ചു സതീഷ്.   തോമാപുരം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സച്ചു. സച്ചുവിന് നൃത്തത്തോടാണ് കമ്പം. ഇപ്രാവശ്യം കലോത്സവത്തിന് വന്നിരിക്കുന്നത് കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം എന്നിങ്ങനെ മൂന്നിനങ്ങളിൽ മത്സരിക്കാനാണ്. മത്സരം പൂ‍ർത്തിയായ കുച്ചിപ്പുടിയിൽ ബി ​ഗ്രേഡ് ലഭിച്ചു. ബാക്കി ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് അവന്‍റെ പ്രതീക്ഷ.  സച്ചു അണിയുന്ന ചിലങ്കയ്ക്ക് വലിയൊരു അധ്വാനത്തിന്റെ കഥ പറയാനുണ്ട്. മകന്റെ ആ​ഗ്രഹങ്ങൾ പൂർത്തീകരിക്കാൻ രാവന്തിയോളം പണിയെടുക്കുന്ന ഒരു അമ്മയുടെ കഥ.

കുച്ചിപ്പുടി ഭരതനാട്യം കേരളനടനം മൂന്നിലും അവൻ ഗംഭീരമാക്കും എന്ന് എനിക്ക് ഉറപ്പാണ്. ഈ ചിലങ്ക കണ്ടില്ലേ... ഇവന്റെ കാലുകളിൽ ആ ചിലങ്കയ്ക്ക് മാറ്റ് കൂടും... രാവന്തിയോളം പണിയെടുത്ത് കിട്ടിയത് ഒരുക്കൂട്ടി ഉരുക്കി ചേർത്തതാണ് ചിലങ്ക. അവന്റെയും എന്റെയും കഠിനധ്വാനത്തിന്റെ ചിലങ്ക - സച്ചുവിന്‍റെ അമ്മ എം.കെ. ബിന്ദു പറഞ്ഞു.


സച്ചുവിന്റെ ധൈര്യവും ആത്മവിശ്വാസവും അവന്റെ അമ്മയാണ്. കഴിഞ്ഞ അഞ്ച് വർഷമായി അവനും അമ്മയും ഒറ്റയ്ക്കാണ്. സച്ചുവിന് നാലര വയസ് ഉള്ളപ്പോൾ അച്ഛൻ പി.ആർ.സതീഷിനെ അവന് നഷ്ടമായി. അതിനു ശേഷം സച്ചുവിന് എല്ലാം അവന്റെ അമ്മയാണ്.

വിശ്വസിക്കാനും ഉൾക്കൊള്ളാനും ഒക്കെ പ്രയാസമായിരുന്നു. ഞങ്ങൾ പക്ഷെ അതിജീവിച്ചു. ഞങ്ങൾക്ക് സ്വന്തമായി വീടില്ല... സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിലും അല്ല. ഞാൻ അധ്വാനിക്കുന്നുണ്ട്. കൂലിപ്പണിക്കാണ് പോകാറ്. കല്ല് ചുമക്കും തൊഴിലുറപ്പിനു പോകും. അങ്ങനെ എല്ലാം ചെയ്യും. അധ്വാനിക്കും...അതങ്ങനെയാണല്ലോ. ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ ജീവിച്ചേ മതിയാകു , ജീവിതത്തിന്റെ ഇരുൾ ദിനങ്ങൾ കടന്നെത്തിയ ആ അമ്മ പറഞ്ഞു.

ക്ലാസിക്ക് കലകളോടാണ് സച്ചുവിന് താൽപ്പര്യം. സാമാന്യത്തിലേറെ ചിലവുള്ള ഈ വിഭാഗത്തിൽ മത്സരിക്കണമെന്ന മകന്റെ ആ​ഗ്രഹത്തിന് ബിന്ദു ഒരു ഘട്ടത്തിലും തടസം നിന്നിട്ടില്ല. ജില്ലാ കലോത്സവത്തിൽ വിജയിച്ച സച്ചുവിനെ സ്കൂളിൽ നിന്നും പട്ടികവർഗ വകുപ്പിൽനിന്നും വാട്സാപ് കൂട്ടായ്മ വഴിയും ലഭിച്ച പിന്തുണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിച്ചത്. കഠിനാധ്വാനം കൊണ്ട് ഈ അമ്മ ഒരുക്കി തന്ന വേദിയിലെ ഓരോ ചുവടും മകൻ അനശ്വരമാക്കുന്നു. കിട്ടുന്ന ഓരോ കയ്യടിയും മകൻ അമ്മയ്ക്ക് സമ്മാനിക്കുന്നു. അപ്പോഴും അവ‍‍ർ പറയുന്നു, മകന് ഉയർന്നു പറക്കാൻ ഒരു ആകാശം തീർക്കുക മാത്രമാണ് ചെയ്തത്. ചെയ്തുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com