
63ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വേദികളിൽ ഇന്ന് ജനപ്രിയ മത്സര ഇനങ്ങളായ നാടകം, തിരുവാതിര കളി തുടങ്ങിയവ അരങ്ങേറും. രാവിലെ ഒൻപതരക്ക് തന്നെ മത്സരങ്ങൾ തുടങ്ങും. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. 215 പോയിന്റുമായി കണ്ണൂർ ജില്ലയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
57 മത്സരങ്ങൾ പൂർത്തിയായപ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ച് തുടരുകയാണ്. നാടകം, തിരുവാതിരക്കളി തുടങ്ങി ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദികളിലെത്തും. ഒഴിവു ദിനമായതിനാൽ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30നാണ് ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരം അരങ്ങേറുക. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരവും നടക്കും.
സമയക്രമം പാലിക്കാനാവാത്തത് ഇത്തവണയും വലിയ പ്രതിസന്ധിയായി. ഉദ്ഘാടനം ദിവസം തന്നെ സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്‍ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്യാർകൂത്ത് എന്നിവ അവസാനിച്ചപ്പോൾ സമയക്രമം താറുമാറായിരുന്നു.
എൻഎസ്എസ്, എൻസിസി ഉൾപ്പടെ 5,000 ത്തോളം വളണ്ടിയര്‍മാരെയാണ് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഇത്തവണ എല്ലാ വളണ്ടിയര്‍മാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാകും. അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘവും സജ്ജമാണ്. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകും. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരുണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരാണുള്ളത്.
വേദികളിൽ മാറ്റം
ഞായറാഴ്ച രാവിലെ തൈക്കാട് ഭാരത് ഭവനി(വേദി 14)ൽ നടക്കേണ്ട എച്ച്എസ് വിഭാഗം കൂടിയാട്ടം തൈക്കാട് ഗവ. മോഡൽ എൽപിഎസിലേക്കു (വേദി 18) മാറ്റി. തൈക്കാട് ഗവ. മോഡൽ എൽപിഎസിൽ ഞായറാഴ്ച രാവിലെ 9.30-നു നടക്കേണ്ട എച്ച്എസ് വിഭാഗം പാഠകം 12 മണിക്ക് നടക്കേണ്ട എച്ച്എസ് ഗാനാലാപനം, വൈകീട്ട് നാലിന് നടക്കേണ്ട എച്ച്എസ് ഗേൾസ് ഗാനാലാപനം എന്നിവ വേദി 14 തൈക്കാട് ഭാരത് ഭവനിലേക്കു മാറ്റി.