കേരളം മുൻപന്തിയിൽ; ഇന്ത്യ ടുഡേ നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ ഒന്നാമതെത്തി സംസ്ഥാനം

സർവേയിൽ കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്നാട് രണ്ടാമതും പശ്ചിമ ബം​ഗാൾ മൂന്നാമതുമെത്തി. ഉത്തർപ്രദേശും പഞ്ചാബുമാണ് ദുർബലമായ സാമൂഹിക സൂചകങ്ങളുമായി ഏറ്റവും പിന്നിലുള്ളത്.
കേരളം മുൻപന്തിയിൽ; ഇന്ത്യ ടുഡേ നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ ഒന്നാമതെത്തി സംസ്ഥാനം
Published on

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (GDB) സർവേയിൽ കേരളം ഒന്നാമത്. പൊതു സുരക്ഷ, ലിംഗ മനോഭാവം, വൈവിധ്യം വിവേചനം തുടങ്ങിയ സാമൂഹിക സൂചകങ്ങൾ വിലയിരുത്തിക്കൊണ്ട്, 21 സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലായി ഇന്ത്യാടുഡേ നടത്തിയ സർവ്വേയിലാണ് കേരളം ഒന്നാമതെത്തിയത്. ഇന്ത്യയിലാദ്യമായാണ്  ഒരു ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേ സംഘടിപ്പിക്കുന്നത്.


പൗരന്മാരുടെ പെരുമാറ്റം, സുരക്ഷ, ലിംഗ മനോഭാവം, വൈവിധ്യവും വിവേചനവും തുടങ്ങിയ സാമൂഹ്യ സൂചകങ്ങളാണ് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ ഉൾപ്പെടുന്നത്. ഹൗ ഇന്ത്യ ലിവ്സ് (HIL), കാഡൻസ് ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളിൽ നിന്നുള്ള 9,188 ആളുകൾ സർവേയിൽ പങ്കെടുത്തു. ഇവരിൽ 54.4 ശതമാനം പേർ നഗര പ്രദേശങ്ങളിൽ നിന്നും, 45.6 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. സർവേയിൽ കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്നാട് രണ്ടാമതും പശ്ചിമ ബം​ഗാൾ മൂന്നാമതുമെത്തി. ഉത്തർപ്രദേശും പഞ്ചാബുമാണ് ദുർബലമായ സാമൂഹിക സൂചകങ്ങളുമായി ഏറ്റവും പിന്നിലുള്ളത്.

ഒരു സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുന്ന ഘടകങ്ങളിൽ ഒന്നാണ് പൊതു സുരക്ഷ. ഇതിൽ കേരളം ഒന്നാമതാണ്. ഹിമാചൽ പ്രദേശും ഒഡീഷയുമാണ് തൊട്ടുപിന്നിൽ. ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്‌നാടും ഏറ്റവും മോശം പെരുമാറ്റമുള്ള സംസ്ഥാനം കർണാടക ആണെന്നും സർവേ വ്യക്തമാക്കുന്നു. കർണാടകയിൽ സർവ്വേയോട് പ്രതികരിച്ചവരിൽ 79 ശതമാനം പേരും അതിക്രമം ഒരു പതിവ് പ്രശ്‌നമാണെന്ന് പറയുന്നു.



വൈവിധ്യവും വിവേചനവും എന്ന സൂചികയിലും കേരളം ഒന്നാമതാണ്. മതപരവും ജാതിപരവുമായ വിവേചനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഇന്നും വളരെ വലിയ പ്രശ്നമാവുമ്പോൾ, കേരളം അവിടെ വ്യത്യസ്തരാവുന്നു. ഒരു പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള മതപരമായ വൈവിധ്യം, ജോലി സ്ഥലത്തെയും നിയമനത്തിലെയും മതപരമായ വിവേചനം എന്നിവയെ കേരളം എതിർക്കുന്നു എന്നാണ് ഇന്ത്യാ ടുഡേയുടെ സർവേ വ്യക്തമാക്കുന്നത്. മിശ്രവിവാഹം, മിശ്രജാതി വിവാഹങ്ങൾ എന്നിവയെ ഇന്ത്യ മുഴുവൻ ശക്തമായി എതിർക്കുന്നെന്നും സർവേയിൽ പറയുന്നു.

കേരളം ഒന്നാമതെത്തിയ മറ്റൊരു സൂചികയാണ് ലിംഗ മനോഭാവം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം ഉറപ്പാക്കു, സ്വന്തം സംസ്ഥാനത്തിന് പുറത്തുപോയി ജോലി ചെയ്യാൻ കഴിയുക എന്നിവയിലായിരുന്നു സർവേ. ഇതിൽ കേരളം ഒന്നാമതും ഉത്തർപ്രദേശ് ഏറ്റവും അവസാന സ്ഥാനത്തുമാണ്.

സിവിക് ബിഹേവിയർ അഥവാ പൗര പെരുമാറ്റം എന്ന സൂചകത്തിൽ മാത്രമാണ് കേരളം പുറകിലെത്തിയത്. തമിഴ്‌നാടാണ് പട്ടികയിൽ ഒന്നാമത്. ആളുകൾ പൊതു നിയമങ്ങൾ പാലിക്കുന്നതാണ് സിവിക് ബിഹേവിയർ മേഖല വിലയിരുത്തിയത്. പഞ്ചാബാണ് പൗര പെരുമാറ്റത്തിൽ ഏറ്റവും പിന്നിൽ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com