വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണം; ഉത്തരവിറക്കി ടൂറിസം വകുപ്പ്

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്
വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണം; ഉത്തരവിറക്കി ടൂറിസം വകുപ്പ്
Published on

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉത്തരവിറക്കി കേരള ടൂറിസം വകുപ്പ്. ഇതിനായി ഉടമകൾ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നാണ് നിർദേശം.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധന പാലിക്കുന്ന സ്ഥലങ്ങളെ മാത്രമായിരിക്കും ഇനി ടൂറിസം വകുപ്പ് ഈ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.

ALSO READ: റോഡിൽ ബ്ലോക്ക് സൃഷ്ടിച്ചെന്ന് ആരോപണം; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം

ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടേയും യോഗം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഡ്രൈവർമാരുടെ കാര്യം ടൂറിസം വകുപ്പ് വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്. അതിഥികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡുകള്‍ നല്‍കാനും മേഖല തിരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്.


കേരളത്തിലെ ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമായ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത് എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികള്‍ക്ക് സുരക്ഷിതമായ യാത്ര അനുഭവം ഒരുക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്കും പ്രധാന പങ്കാളിത്തം ഉണ്ട്. പലപ്പോഴും ഡ്രൈവര്‍മാരാണ് സഞ്ചാരികളെ കൃത്യമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുകയും ഇവയുടെ പ്രാഥമിക വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത്. അവരുടെ പ്രശ്നങ്ങൾ നേരത്തെ മനസിലാക്കിയിരുന്നു. ഈ ഉത്തരവിലൂടെ തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്യുന്നത്. സന്തോഷകരമായ ടൂറിസം വളര്‍ത്തുവാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com