കേരള സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; 12ൽ ഒൻപത് സീറ്റ് നേടി എൽഡിഎഫിന് വിജയം

സിൻഡിക്കേറ്റിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് തുടക്കത്തിൽ തന്നെ രണ്ട് സീറ്റുകൾ നേടാനായി
കേരള സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; 12ൽ ഒൻപത് സീറ്റ് നേടി എൽഡിഎഫിന് വിജയം
Published on

കേരള സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ചരിത്രത്തിലാദ്യമായി സിൻഡിക്കേറ്റിൽ ബിജെപി അക്കൗണ്ട് തുറന്നു. ബിജെപിക്ക് രണ്ട് സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്. കടുത്ത പ്രതിഷേധങ്ങൾക്കും തർക്കങ്ങളും ഇടയിലായിരുന്നു ഇത്തവണത്തെ വോട്ടെണ്ണൽ.

രാവിലെ 10 മണിയോടെ കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വോട്ടെണ്ണലിനെച്ചൊല്ലി വൈസ് ചാൻസലറും എൽഡിഎഫ് അംഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് തർക്കം നിലനിന്നിരുന്ന 15 വോട്ടുകൾ മാറ്റിനിർത്തി ബാക്കി 82 വോട്ടുകൾ എണ്ണിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെയുള്ള 12 സീറ്റുകളിൽ 9 സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു.

മൂന്ന് സീറ്റുകളിൽ എൽഡിഎഫ് അംഗങ്ങൾ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞതവണ ആകെയുള്ള 12 സീറ്റുകളിലും എൽഡിഎഫ് വിജയമുറപ്പിച്ചിരുന്നെങ്കിൽ ഇക്കുറി മൂന്ന് സീറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ സിൻഡിക്കേറ്റിൽ ബിജെപി ചരിത്ര വിജയം സ്വന്തമാക്കി. അക്കൗണ്ട് തുറന്ന ബിജെപിക്ക് തുടക്കത്തിൽ തന്നെ രണ്ട് സീറ്റുകൾ നേടാനായി. ടി.ജി. വിനോദ് കുമാർ, പി.എസ്. ഗോപകുമാർ എന്നിവരാണ് ബിജെപിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ.

അതേസമയം വെറും ഒരു സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. അഹമ്മദ് ഫാസിലാണ് സിൻഡിക്കേറ്റിലെ ഏക കോൺഗ്രസ് അംഗം. പി.എസ്. ഗോപകുമാറിന് കോൺഗ്രസിൻ്റെ സെനറ്റ് അംഗമായ ഡോ. എബ്രഹാമിന്റെ പ്രിഫറൻസ് വോട്ട് ലഭിച്ചെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാൽ ബിജെപി അംഗങ്ങൾക്ക് എൽഡിഎഫിന്റെ വോട്ട് ലഭിച്ചെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. വിജയാഘോഷത്തിനിടയിലും ഏറെ നേരം പരസ്പരം വെല്ലുവിളിച്ച് മുദ്രവാക്യം ഉയർത്തിയുമാണ് എസ്.എഫ്ഐയും എബിവിപിയും സർവ്വകലാശാലയിൽ നിന്നും മടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com