മുംബൈയെ അടിച്ചു തൂഫാനാക്കി സൽമാനും രോഹനും; നിരാശപ്പെടുത്തി സഞ്ജു സാംസൺ

ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള ഇന്ത്യൻ താരം സഞ്ജു സാംസണെ ക്ലീൻ ബൗൾഡാക്കി ഷർദുൽ താക്കൂറാണ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്
മുംബൈയെ അടിച്ചു തൂഫാനാക്കി സൽമാനും രോഹനും; നിരാശപ്പെടുത്തി സഞ്ജു സാംസൺ
Published on


സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ മൂന്നാം മത്സരത്തിൽ മുംബൈക്കെതിരെ 235 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി കേരളം. ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള ഇന്ത്യൻ താരം സഞ്ജു സാംസണെ (4) ക്ലീൻ ബൗൾഡാക്കി ഷർദുൽ താക്കൂറാണ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

48 പന്തിൽ 87 റൺസ് വാരിയ രോഹൻ കുന്നുമ്മലും, പുറത്താകാതെ 99 റൺസ് അടിച്ചെടുത്ത സൽമാൻ നിസാറും (49 പന്തിൽ) ചേർന്ന് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചു. ഷർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസാണ് സൽമാൻ നിസാർ പറത്തിയത്. ഒരു റൺസകലെ സൽമാന് അർഹിച്ച സെഞ്ചുറി നേടാനായില്ല. നേരത്തെ സെഞ്ചുറിയിലേക്ക് കുതിച്ച രോഹൻ കുന്നുമ്മലിനെ മോഹിത് അവസ്തിയാണ് പുറത്താക്കിയത്. മുംബൈയ്ക്കായി മോഹിത് അവസ്തി നാല് വിക്കറ്റുമായി തിളങ്ങി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായെത്തിയ സഞ്ജുവിനെ വരുതിക്ക് നിർത്താൻ പരിചയസമ്പന്നനായ പേസർ ഷർദുൽ താക്കൂറിന് തന്നെ ക്യാപ്റ്റൻ പന്തേൽപ്പിച്ചു. ആദ്യ ഓവറിൽ ഒരു ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജുവിനെ നാലാമത്തെ പന്തിൽ ക്ലീൻ ബൗൾഡാക്കാൻ ഷർദുലിനായി.

ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന് പിന്നാലെയെത്തിയ മുഹമ്മദ് അസ്ഹറുദീൻ 8 പന്തിൽ നിന്ന് 13 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ സച്ചിൻ ബേബി 4 പന്തിൽ നിന്ന് 7 റൺസെടുത്ത് നിൽക്കെ റിട്ടയേർഡ് ഹർട്ടായി കളം വിട്ടു. ഓപ്പണർ രോഹൻ കുന്നുമ്മൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചുറിയുമായി തിളങ്ങി.

മഹാരാഷ്ട്രയ്ക്കെതിരെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജുവിന് നാഗാലാൻഡിനെതിരായ രണ്ടാം മത്സരം കളിക്കാനായിരുന്നില്ല. ഈ മത്സരം കേരളം എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. 28 പന്തിൽ 57 റൺസ് നേടിയ രോഹൻ കുന്നുമ്മൽ കളിയിലെ താരമായിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com