
മലയാള പത്രങ്ങളില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട നോട്ട് നിരോധന വാര്‍ത്താ പരസ്യത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. പരസ്യം സാമ്പത്തിക മേഖലയില്‍ ആശങ്ക സൃഷ്ടിച്ചെന്നാണ് വിമര്‍ശനം. മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇത്തരം പരസ്യങ്ങള്‍ വെല്ലുവിളിയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വിമര്‍ശിച്ചു.
പരസ്യം നല്‍കിയ സര്‍വകലാശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എസ്.എസ് മനോജ് പറഞ്ഞു.
ഇന്നത്തെ മലയാള ദിനപത്രങ്ങളിലെ ഒന്നാം പേജിലാണ് പരസ്യം വന്നത്. ' നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി ' എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം വന്നത്. വായിച്ചവരില്‍ പലര്‍ക്കും ഇത് പരസ്യമാണെന്ന് വ്യക്തമായില്ല. കടലിനടിയിലെ നഗരത്തിലെ ആള്‍ താമസവും, കേരളത്തിലെ റോബോ മന്ത്രിയുടെ ഒന്നാം വാര്‍ഷികവും, ഭൂമിയും ചൊവ്വയും ഗോളാന്തര കിരീടം പങ്കിട്ട വിശേഷവുമെല്ലാം ഒന്നാം പേജില്‍ തന്നെ കാണാം.
കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് പേജ് നിറഞ്ഞുനില്‍ക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായ വിമര്‍ശനം പത്രങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയത്.