
ഒയാസിസ് മദ്യ കമ്പനിക്ക് വെള്ളം നൽകുന്നത് കുടിവെള്ള പദ്ധതികളെ ബാധിക്കില്ലെന്ന് വാട്ടർ അതോറിറ്റി. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസിന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ നൽകിയ കത്തിലാണ് വിവരങ്ങൾ. കിൻഫ്രയുടെ പദ്ധതി പ്രകാരമാണ് ഒയാസിസിന് വെള്ളം നൽകുന്നതെന്നും കത്തിൽ പറയുന്നു.
നൂറ് ലക്ഷം ലിറ്റർ വെള്ളമാണ് പദ്ധതിപ്രകാരം കിൻഫ്രയ്ക്ക് നൽകുക. മലമ്പുഴ ഡാമിൽ നിന്നും വാട്ടർ അതോറിറ്റിക്ക് അനുവദിച്ചത് 96 എംഎൽഡി (10 ലക്ഷം ലിറ്റർ) വെള്ളമാണ്. വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത് 84.5 എംഎൽഡി വെള്ളം. ഇതിന് പുറമെയുളള വെള്ളമാണ് കിൻഫ്രയ്ക്ക് ഉപയോഗിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.
വരൾച്ചാ സമയത്ത് നിലവിൽ കുടിവെള്ള വിതരണം നടത്തിവരുന്ന പാലക്കാട് മുൻസിപ്പാലിറ്റി, അകത്തേത്തറ, മലമ്പുഴ, പുതുപരിയാരം, മരുതറോഡ്, പിരായിരി, പുതുശ്ശേരി എന്നീ പഞ്ചായത്തുകളിൽ മലമ്പുഴ ഡാമിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം ഇതുവരെ മുടങ്ങിയിട്ടില്ല. ഇതിനാവശ്യമായ ജലം മലമ്പുഴ ഡാമിൽ ഇറിഗേഷൻ്റെ വകുപ്പ് നിലനിർത്തി കൊണ്ടാണ് കൃഷിയ്ക്കും മറ്റാവശ്യങ്ങൾക്കും നൽകുന്നതെന്നും വാട്ടർ അതോറിറ്റി അവകാശപ്പെട്ടു.
അതേസമയം മലബാർ ഡിസ്റ്റിലറിക്ക് വെള്ളം നൽകാൻ കഴിയാത്ത വാട്ടർ അതോറിറ്റി എങ്ങനെയാണ് എലപ്പുള്ളിയിലെ കമ്പനിക്ക് വെളളം എത്തിക്കുകയെന്നായിരുന്നു വി. കെ. ശ്രീകണ്ഠൻ എംപിയുടെ ചോദ്യം. എലപ്പുളളിയിലെ സ്വകാര്യ മദ്യ നിർമാണ കമ്പനിയെ എതിർക്കുന്നവർ, വികസന വിരോധികളാണെന്ന സിപിഎം ആരോപണത്തിന് മറുപടിയായാണ് വി.കെ. ശ്രീകണ്ഠൻ എംപി, ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൻ്റെ പദ്ധതി പ്രദേശം സന്ദർശിച്ചത്. സർക്കാരിന് വികസന താൽപ്പര്യമുണ്ടെങ്കിൽ, എക്സൈസ് വകുപ്പിന് കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് എന്ത് കൊണ്ട് വൈകുന്നുവെന്നും വി. കെ. ശ്രീകണ്ഠൻ ചോദിച്ചു.