സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്
സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Published on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

വയനാട്ടിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

കണ്ണൂ‍ർ ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതേസമയം, അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ റെഡ് അലേ‍ർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂ‍ർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർ​ഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഇന്ന് യെല്ലോ അലേ‍ർട്ടാണ്.

അടുത്ത ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പുകൾ:

27-05-2025- കോഴിക്കോട്, വയനാട്, കണ്ണൂർ (റെഡ് അലേർട്ട്)
തൃശൂർ, മലപ്പുറം, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് (യെല്ലോ അലേർട്ട്)

28-05-2025- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം (യെല്ലോ അലേർട്ട്)

29-05-2025- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് (യെല്ലോ അലേർട്ട്)

30-05-2025- എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി (യെല്ലോ അലേർട്ട്)


Related Stories

No stories found.
News Malayalam 24x7
newsmalayalam.com