സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, പലയിടത്തും വ്യാപക നാശനഷ്ടം

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് 58കാരി മരിച്ചു. ചെറുതന വലിയപറമ്പിൽ ഉത്തമൻ്റെ ഭാര്യ ശ്യാമളയാണ് മരിച്ചത്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, പലയിടത്തും വ്യാപക നാശനഷ്ടം
Published on


സംസ്ഥാനത്ത് പരക്കെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം മഴ ശക്തമാകും. ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലും ഇടുക്കി മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലുമാണ് നാളെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് 58കാരി മരിച്ചു. ചെറുതന വലിയപറമ്പിൽ ഉത്തമൻ്റെ ഭാര്യ ശ്യാമളയാണ് മരിച്ചത്. ഹരിപ്പാട് ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പാടത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ശ്യാമളയ്ക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് രാവിലെ മുതൽ തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മഴ ശക്തമായതോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മുട്ടത്തറ ബൈപ്പാസിൽ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. സബ് റോഡും പ്രധാന റോഡും വെള്ളത്തിൽ മുങ്ങി. കഴക്കൂട്ടം ടെക്നോ പാർക്കിനു സമീപം ഉണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി. കഴക്കൂട്ടം ഉള്ളൂർക്കോണത്ത് നാല് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സമീപത്തെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

നെയ്യാറ്റിൻകര കരകുളം പുല്ലുവിളയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. പേപ്പാറ, അരുവിക്കര ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി ഉയർത്ത്. ഡാമിൻ്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. വെള്ളലശ്ശേരിയിൽ ചെമ്പകശ്ശേരി വിലാസിനിയുടെ വീടിന് മുകളിൽ മരം വീണു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ചെമ്പകശ്ശേരി വിലാസിനിയുടെ തലയ്ക്ക് പരുക്കേറ്റു. ചാത്തമംഗലത്തെ മിക്ക റോഡുകളിലും മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നിരവധി തെങ്ങുകളും മറ്റു മരങ്ങളും വാഴ കൃഷിയും നശിച്ചു.


കോഴിക്കോട് മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും റോഡിരികിൽ ന്നിർത്തിയിട്ട വാഹനങ്ങളുടെ മുകളിൽ മരം വീണു. താത്തൂർ-വെള്ളലശ്ശേരി റോഡിലാണ് അപകടം. മുക്കം ഫയർ ഫോഴ്സ് എത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി. വൈകീട്ടോടെ കൊച്ചി നഗരത്തിലും കനത്ത മഴ പെയ്തു. ഒരുമണിക്കൂറിലേറെ സമയം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടർന്നു. ഫോർട്ട് കൊച്ചിയിലും കാക്കനാടും മരം വീണ് ഗതാഗതം തടസപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ മണിയാർ ഡാമിൽ വെള്ളം അപകടകരമായ ഉയരത്തിലായതിനാൽ ഷട്ടർ ബാരേജ് തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ രാത്രിയോടെ ഷട്ടറുകൾ തുറന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com