
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതോടൊപ്പം, 'ദന ചുഴലിക്കാറ്റ്' ഇന്ന് രാത്രി കര തൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഒഡിഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഇന്ന് അർധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡിഷ പുരിയ്ക്കും, പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.