

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇന്ന് നൂറ് ദിവസം. ജനകീയ പ്രഖ്യാപനങ്ങളും വിപണിയിലെ കാര്യക്ഷമമായ ഇടപെടലുകളും വഴി തുടക്കത്തിൽ തന്നെ വലിയ പ്രശംസ നേടാൻ സർക്കാരിനായി. ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയായിരുന്നു സർക്കാരിന്റെ ഗംഭീര തുടക്കം. എന്നാൽ, പിഎം ശ്രീ പദ്ധതിയിലെ നിലപാട് മാറ്റവും ദുരന്ത പ്രതിരോധത്തിലെ പാളിച്ചകളും സർക്കാരിന്റെ ശോഭ കെടുത്തി. അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും എന്നാൽ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അവജ്ഞയോടെ തള്ളുമെന്നും സർക്കാരിന്റെ നൂറാം ദിനത്തിൽ പത്രങ്ങൾക്ക് നൽകിയ ലേഖനത്തിൽ മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി.
വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതാണ് ഈ നൂറുദിനങ്ങളിലെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വപ്ന പദ്ധതിയായ 'മിഷൻ സമുദ്ര'യ്ക്കും ഇതിനൊപ്പം തുടക്കം കുറിച്ചു.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച നടപടി സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി. സെക്രട്ടേറിയറ്റിനു മുന്നിലെ വിവിധ തൊഴിൽ സമരക്കാരെ നേരിട്ട് കേൾക്കാനും താല്‍ക്കാലിക പരിഹാരം കാണാനും സാധിച്ചത് മുൻ സർക്കാരിൽ നിന്നുള്ള വ്യക്തമായ, നയപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ, സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാൻ' രാഷ്ട്രീയ ഭേദമെന്യേ കയ്യടി നേടി.
അതേസമയം, കഴിഞ്ഞ 100 ദിവസത്തിനിടെ ചില രാഷ്ട്രീയ നിലപാടുകളിലുണ്ടായ സർക്കാരിന്റെ മലക്കംമറിച്ചിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയുമെന്ന് പ്രഖ്യാപിച്ചവർ തന്നെ പദ്ധതിയുടെ പതാകവാഹകരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേന്ദ്ര ഫണ്ട് ലഭിക്കാൻ വേണ്ടിയാണ് ഈ വിട്ടുവീഴ്ചയെന്ന ന്യായീകരണം യുഡിഎഫ് അണികൾക്ക് പോലും ദഹിച്ചിട്ടില്ല. കേന്ദ്ര സർക്കാരിനോടുള്ള സർക്കാരിന്റെ മൃദുസമീപനം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഇതിനൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകൾ വലിയ ജനകീയ പ്രതിഷേധം വിളിച്ചുവരുത്തി.
പുതിയ കെപിസിസി അധ്യക്ഷന്‍ വൈകുന്നതും പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള സമിതി ഇല്ലാത്തതുമൊക്കെ വിമര്‍ശനങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും പോകുന്നത് രണ്ട് വഴിയാണെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ തന്നെ ഉയര്‍ത്തിയിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ചില നിയമനങ്ങള്‍ വ്യാപക എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കോര്‍പ്പറേഷന്‍, ബോര്‍ഡ് നിയമനങ്ങളാകട്ടെ യഥാസമയം പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല.
എന്നാൽ, നിക്ഷിപ്ത താല്പര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനും വളഞ്ഞിട്ട് ആക്രമിക്കാനും ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ അതിനെ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് ദിനപത്രങ്ങൾക്ക് നൽകിയ പ്രത്യേക ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും, തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഒരു സംഘം ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ലേഖനത്തിൽ ആരോപിച്ചു.