

കേരളത്തിലെ സാമൂഹിക നവോഥാന ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായ വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ച് തീണ്ടല്‍പ്പലക വലിച്ചെറിഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. 1925 നവംബര്‍ 23 നാണ് ആകാംക്ഷയോടെ കാത്തുനിന്ന ജനക്കൂട്ടത്തിനു മുന്നിലേക്കെത്തി വൈക്കം സത്യാഗ്രഹ സെക്രട്ടറിയായിരുന്ന കെ. കേളപ്പന്‍ വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുറോഡുകളില്‍ എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു എന്ന് അറിയിച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടര്‍ന്ന് 1924 മാര്‍ച്ച് 30 നാണ് സത്യാഗ്രഹം തുടങ്ങിയത്. 603 ദിവസം സമരം നീണ്ടു. 1925 നവംബര്‍ 23-നാണ് സത്യാഗ്രഹം അവസാനിച്ചത്. പിന്നീട് അയിത്തോച്ചാടനത്തിനെതിരേ നടന്ന പല സമരങ്ങള്‍ക്കും ആധാരമായത് വൈക്കം സത്യാഗ്രഹമാണ്.
സമരം അവസാനിപ്പിച്ച് തീണ്ടല്‍ പലക വലിച്ചെറിഞ്ഞതിന്റെ ഓര്‍മ്മപുതുക്കുകയാണ് കേരളം. 100 വര്‍ഷം പിന്നിട്ടെങ്കിലും സത്യാഗ്രഹ സ്മാരകങ്ങള്‍ വൈക്കം ടൗണില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ചരിത്രം തിരുത്തിയ സമരത്തിന്റെ ആവേശകരമായ ഓര്‍മകളിലാണ് മലയാളികള്‍.
പോരാട്ടത്തിന്റെ കനല്‍ കെടാതെ സൂക്ഷിക്കുന്ന വൈക്കത്തെ സ്മാരകങ്ങളില്‍ ഇന്ന് വിവിധ സംഘടനകള്‍ പുഷ്പാര്‍ച്ചന നടത്തും. കെപിസിസിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.